മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ വീണ്ടും ജീവനക്കാരുടെ സമരം. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഒരു വിഭാഗം പൈലറ്റുമാരും എന്‍ജിനീയര്‍മാരും ഡ്യൂട്ടിക്കെത്താതെ പണിമുടക്കുന്നത്. ഇതേ തുടര്‍ന്ന് കമ്പനിയുടെ 30 സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി.

Ads By Google

ദല്‍ഹിയില്‍ നിന്നും 22 സര്‍വീസുകളും മുംബൈയില്‍ നിന്നും ഒന്‍പത് സര്‍വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ജോലിക്കാര്‍ക്ക് ഏതാണ്ട് അഞ്ച് മാസമായി ശമ്പളം മുടങ്ങിയിട്ട്. ഫെബ്രുവരി മുതല്‍ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.

ശമ്പളം ലഭിക്കാതെ തങ്ങള്‍ക്ക് ജോലിയില്‍ തുടരാനാവില്ലെന്ന് കിങ്ഫിഷര്‍ പൈലറ്റുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. പ്രശ്‌നം സഭയുടെ ശ്രദ്ധയില്‍പ്പെടുമെന്നും തങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നുമാണ് പ്രതീക്ഷയെന്നും പൈലറ്റുമാര്‍ വ്യക്തമാക്കി.

അതിനിടെ, ഈ സാമ്പത്തിക വര്‍ഷത്തെ പാദവാര്‍ഷിക കണക്കുകള്‍ പുറത്ത് വിടുന്നതിന്റെ മുന്നോടിയായി കമ്പനിയുടെ ബോര്‍ഡ് മീറ്റിങ് ഇന്ന് ദല്‍ഹിയില്‍ ചേരുന്നുണ്ട്.