എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയും അമേരിക്കയും തുര്‍ക്കിയും ആവര്‍ത്തിച്ചില്ല: ഫ്രാന്‍സില്‍ മാക്രോണ് ജയം
എഡിറ്റര്‍
Monday 8th May 2017 10:01am


പാരിസ്: എന്‍മാര്‍ഷ് പാര്‍ട്ടി നേതാവും മിതവാദിയുമായ ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കുടിയേറ്റ വിരുദ്ധ, തീവ്ര ദേശീയ നിലപാടുകള്‍ മുഖമുദ്രയാക്കിയ മരീന്‍ ലീപെന്നോയെ പരാജയപ്പെടുത്തിയാണ് മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

65.5% വോട്ടിനാണ് വിജയിച്ചത്. ലീപെന്നക്ക് 34.9% വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സാമ്പത്തിക ഉദാരീകരണത്തെ പിന്തുണയ്ക്കുന്ന ഇടത് അനുഭാവിയുമാണ് മക്രോണ്‍.

39 കാരനായ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 1958 ഫ്രഞ്ച് ഭരണഘടന നിലവില്‍ വന്നതുമുതല്‍ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളാണ് ഫ്രാന്‍സ് ഭരിച്ചിരുന്നത്. എന്നാല്‍ മാക്രോണിന്റെ വിജയത്തോടെ ഈ കീഴ്‌വഴക്കത്തിനാണ് അന്ത്യമായിരിക്കുന്നത്.


Must Read: പൂച്ച ഏറ്റവും നല്ല കവിതയായിരുന്നിട്ടും ചിലര്‍ക്ക് മനസിയാലില്ല: നിയമസഭ നടക്കുന്ന സമയത്തു വരെ കവിതയെഴുതിയിട്ടുണ്ടെന്നും ജി. സുധാകരന്‍ 


നിലവിലെ പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ടാണ് മാക്രോണ്‍ എന്‍മാര്‍ഷെ രൂപവത്കരിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വ്യാഴാഴ്ചയാണ്. മെയ് 14ന് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുകയാണ്. അന്നോ തൊട്ടടുത്ത ദിവസങ്ങളിലോ ഇമ്മാനുവല്‍ മക്രോണ്‍ അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മാക്രോണ്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരം പരിമിതമായിരിക്കും. ജൂണിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. 577 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ 289 വോട്ടുകള്‍ വേണം. നിലവില്‍ മരീന്റെ പാര്‍ട്ടിക്ക് രണ്ട് എം.പിമാരുണ്ട്. മാക്രോണിന്റെ പാര്‍ട്ടിക്ക് എം.പിമാരില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മറ്റു പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ.

യൂറോപ്പിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ യൂറോപ്യന്‍ യൂണിയന്‍ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണം എന്ന പക്ഷക്കാരി ആയിരുന്നു പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി മറീ ലിയൂ പെന്‍.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ യൂറോയുടെ മൂല്യവും ഉയര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന് ആറ് മാസത്തിന് ശേഷം ഇതാദ്യമായാണ് യൂറോയുടെ മൂല്യം ഉയരുന്നത്.

Advertisement