മുംബൈ: ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്ക് വക്കീല്‍ നോട്ടീസ്. നീരജ് ഗ്രോവര്‍ വധക്കേസിലെ പ്രതി എമിലി ജെറോമാണ് വക്കീല്‍ നോട്ടീസയച്ചത്. തന്റെ അനുവാദമില്ലാതെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് ജെറോമിന്റെ ആവശ്യം.

നീരജ് ഗ്രോവര്‍ വധക്കേസുമായി ബന്ധപ്പെട്ടതാണ് നോട്ട് എ ലവ് സ്‌റ്റോറിയുടെ പ്രമേയം. ചിത്രത്തില്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ജെറോമിന്റെ നീക്കം. താന്‍ ചിത്രം കണ്ട് അനുവാദം നല്‍കിയാല്‍ മാത്രമേ റീലീസ് ചെയ്യാവൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേ ആവശ്യമുന്നയിച്ച് ഈ കേസിലെ മറ്റൊരു പ്രതിയായ നടി മരിയ സുസൈരാജും രാം ഗോപാല്‍ വര്‍മ്മയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മരിയയുടെയും ജെറോമിന്റെയും ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നാണ് വര്‍മ്മ പറയുന്നത്. തന്റെ ചിത്രം അവര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നീരജ് ഗ്രോവര്‍ വധക്കേസ് പുനര്‍ജനിപ്പിക്കുകയല്ല താന്‍ ചിത്രത്തിലൂടെ ചെയ്തിട്ടുള്ളത്. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരു സിനിമ ചെയ്‌തെന്നേയുള്ളൂ. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കണമെന്ന ഉദ്ദേശം തനിക്കില്ലെന്നും രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കി.

മഹി ഗില്‍, ദീപക് ഡോബ്രിയല്‍, അജയ് ഗെഹി എന്നിവര്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ഓഗസ്റ്റ് 19ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.