തിരുവനന്തപുരം: എമേര്‍ജിങ് കേരളയില്‍ ‘നിശാജീവിത മേഖല’ (നൈറ്റ്‌ ലൈഫ്സോണ്‍) ഉള്‍പ്പെടുത്തിയതിന്  ഇന്‍കല്‍ മാനേജിങ് ഡയറക്ടര്‍ ടി. ബാലകൃഷ്ണനോട് സര്‍ക്കാര്‍ വിശദീകരണം തേടി.

ചീഫ് സെക്രട്ടറിയുടെ പരിശോധനക്ക് നല്‍കാതിരുന്ന പദ്ധതി എമേര്‍ജിങ് കേരളക്കായി അവതരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. എമേര്‍ജിങ് കേരളയില്‍ അവതരിപ്പിക്കേണ്ട എല്ലാ പദ്ധതികളും ചീഫ് സെക്രട്ടറിയുടെ മുന്നില്‍ സമര്‍പ്പിക്കണമെന്നിരിക്കെ, നൈറ്റ് ലൈഫ്സോണ്‍ വരാതിരുന്നത് ദുരൂഹമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനും വിശദീകരണം തേടാനും വ്യവസായ വകുപ്പ് സെക്രട്ടറിയെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ചുമതലപ്പെടുത്തി.

Ads By Google

Subscribe Us:

സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ ഇത്തരം നിലപാടുകള്‍  കൈക്കൊണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശിച്ചു. സര്‍ക്കാറിന്റെ യശസ്സിന് കോട്ടം തട്ടുന്ന രീതിയിലും കേരളീയ സംസ്‌കാരത്തിന് യോജിക്കാത്ത വിധത്തിലുമുള്ള പദ്ധതികള്‍ അവതരിപ്പിച്ചത് ഗൗരവമായി കാണണമെന്ന് വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നല്‍കിയ കത്തില്‍ പറയുന്നു.

ഏമേര്‍ജിങ് കേരളയില്‍ നിശാനൃത്തശാല സ്ഥാപിക്കാനുള്ള പദ്ധതി ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. കാബറെ പദ്ധതി ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തോടുള്ള വെല്ലുവിളിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായ ബാലകൃഷ്ണന്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷമാണ്  ഇന്‍കലില്‍ നിയമിതനായത്. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ മരുമകനാണ് ടി.ബാലകൃഷ്ണന്‍.

തിരുവനന്തപുരത്തെ വേളി ടൂറിസ്റ്റ് വില്ലജിനോട് ചേര്‍ന്ന് 18 ഏക്കറിലാണ് കാബറേ തിയറ്ററുകളും ഡിസ്‌കോതെക്കും മദ്യശാലകളും അടങ്ങുന്ന ‘കുടുംബ ഉല്ലാസ കേന്ദ്രം’ വിഭാവനം ചെയ്തത്.  ഇന്‍കലാണ് ‘നിശാജീവിത മേഖല’ (നൈറ്റ്‌ ലൈഫ്സോണ്‍) നിര്‍മിക്കാന്‍ 200 കോടിയുടെ നിര്‍ദേശം വെച്ചത്.