കൊച്ചി: വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ എമേര്‍ജിങ് കേരള നിക്ഷേപ സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് കൊച്ചി ലെ മെറിഡിയനില്‍ വെച്ച്  ചടങ്ങ് ഉദ്ഘാടനം ചെയ്തത്‌. കേരളത്തിനായി പുതുതായി യാതൊരു വാഗ്ദാനവും  നല്‍കാതെയായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്ത പ്രധാനമന്ത്രി കേന്ദ്ര പദ്ധതികള്‍ പരമാവധി ഉപയോഗിക്കണമെന്ന ഉപദേശവും നല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

52 രാജ്യങ്ങളില്‍ നിന്നും നിക്ഷേപകരും നയതന്ത്ര പ്രതിനിധികളുമടക്കം രണ്ടായിരത്തഞ്ഞൂറോളം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.

കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കെ.വി. തോമസ്, ഇ. അഹമ്മദ്, കെ.സി വേണുഗോപാല്‍, ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് , ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, സി.ഐ.ഐ പ്രസഡിന്റും ഗോദറേജ് ഗ്രൂപ്പ് ചെയര്‍മാനുമായ ആദി ഗോദറേജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads By Google

മൂന്ന് ദിവസം നീളുന്ന നിക്ഷേപ സംഗമത്തില്‍ കേരളത്തിന്റെ വികസനം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും.

വിവാദങ്ങള്‍ സംസ്ഥാനതാത്‌പര്യങ്ങളെ ബാധിക്കുന്നതായും യുക്തിസഹജമായ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഒരിക്കലും അവസാനിക്കാത്ത വിവാദങ്ങള്‍ കേരളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. 12.15ന് എമേര്‍ജിങ് കേരളയുടെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം ലെ മെറിഡിയനില്‍ നിന്നും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് വിവാന്റയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ തൃശ്ശൂരിലേക്ക് യാത്ര തിരിക്കും. തുടര്‍ന്ന് കലാമണ്ഡലത്തിലെ ചടങ്ങിന് ശേഷം 5.25ന് കൊച്ചിയില്‍ തിരിച്ചെത്തും.

വിദ്യാര്‍ത്ഥികളായ വ്യവസായ സംരഭകര്‍ക്ക് 20 ശതമാനം ഹാജറും ഗ്രേസ് മാര്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എമേര്‍ജിങ് കേരളയിലെ പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും ജനസൗഹാര്‍ദ്ദവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ പദ്ധതികളാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ സൃഷ്ടാക്കളായി സംസ്ഥാനം മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കുമെന്ന് ആദി ഗോദറേജ് ചടങ്ങില്‍ പ്രസ്താവിച്ചു.

വ്യാഴാഴ്ച രാവിലെ 9.40ന് വിവാന്റയില്‍ നിന്നും മറൈന്‍ഡ്രൈവിലേക്ക് റോഡ് മാര്‍ഗമെത്തുന്ന പ്രധാനമന്ത്രി 10.35ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിടും. തുടര്‍ന്ന് 10.55ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.