ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രതിചേര്‍ക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രക്ഷപ്പെടുത്താന്‍ മലയാളിയായ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തെളിവായി ‘ഹിന്ദു’ ദിനപത്രത്തിന്റെ എഡിറ്റര്‍ എന്‍. റാമിന് ആര്‍.എസ്.എസ് അയച്ച ഇമെയിലും. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സജ്ഞയ് ദത്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തിയാണ് ഹിന്ദു എഡിറ്റര്‍ റാമിന് ഇമെയില്‍ അയച്ചത്. കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേരെ ചുട്ടുകൊന്ന ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയുടെ കേസില്‍നിന്ന് മോഡിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന ആരോപണം ഗുരുമൂര്‍ത്തിക്കെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി അജ്ഞാതനായ ഒരു വ്യക്തിയോട് സംസാരിക്കാമെന്ന് റാം ഗുരുമൂര്‍ത്തിയോട് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മെയില്‍ സന്ദേശം കാണിക്കുന്നു.

സംഘ്പരിവാറുമായി ബന്ധമുള്ള തുഗ്ലക് എന്ന തമിഴ് മാഗസിന്റെ എഡിറ്റര്‍ ചോ രാമസ്വാമിയും എസ്. ഗുരുമൂര്‍ത്തിയും ‘ഹിന്ദു’ എഡിറ്റര്‍ എന്‍. റാമുമായി മോഡിയുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്ന് ഇമെയിലിലുണ്ട്. റാമിന്റെ [email protected], [email protected] എന്നീ രണ്ട് മെയില്‍ വിലാസങ്ങളിലേക്കാണ് ഗുരുമൂര്‍ത്തി സന്ദേശങ്ങള്‍ അയച്ചത്.

‘പ്രിയപ്പെട്ട റാം, ചോ രാമസ്വാമി നിങ്ങളോട് സംസാരിച്ച ശേഷം ഞാനും നിങ്ങളും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ മെയില്‍ സന്ദേശം. ആ വ്യക്തിയോട് നിങ്ങള്‍ സംസാരിക്കുംമുമ്പ് ഇതോടൊപ്പം അയക്കുന്ന കുറിപ്പ് വായിച്ചു മനസ്സിലാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’ എന്നാണ് മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. മെയിലിനൊപ്പം ചേര്‍ത്തയച്ച രണ്ടു പേജ് കുറിപ്പില്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍.കെ. രാഘവനെ പുകഴ്ത്തുകയും ഗുല്‍ബര്‍ഗ് കേസില്‍ മോഡിയെ കുടുക്കാന്‍ ശ്രമിക്കുന്ന സാക്കിയ ജാഫ്രിയെ ഗുരുമൂര്‍ത്തി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് രാഘവന്‍ ഇതിനകം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കുറിപ്പ് വിശദീകരിക്കുന്നു.

രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഗുജറാത്ത് വംശഹത്യയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് ആര്‍.എസ്.എസിനായിരുന്നുവെന്ന് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ നേരത്തേ ബോധിപ്പിച്ചിരുന്നു. അന്വേഷണസംഘം ഗുജറാത്ത് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ തുഷാര്‍ മേത്തക്ക് ചോര്‍ത്തിനല്‍കിയ വിവരങ്ങളാണ് ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ ഗുരുമൂര്‍ത്തി സ്വാമിനാഥന്റെ പക്കലെത്തിയതെന്നും ഭട്ട് വ്യക്തമാക്കിയിരുന്നു.

പ്രത്യേക അന്വേഷണസംഘം കേസന്വേഷണത്തിന്റെ പല പ്രധാന വിവരങ്ങളും തുഷാര്‍ മേത്തയുടെ മെയിലിലേക്കാണ് അയച്ചുകൊടുത്തിരുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ മോഡി സര്‍ക്കാറിനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നത് തുഷാര്‍ മേത്തയായിരുന്നു. തുഷാര്‍ മേത്ത ഗുരുമൂര്‍ത്തിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ തെളിവുകള്‍ സമര്‍പ്പിച്ച കൂട്ടത്തിലാണ് എന്‍. റാമിന് അയച്ച മെയിലുകളും ഇടംപിടിച്ചത്.

എന്നാല്‍, ഗുരുമൂര്‍ത്തിയുമായി ഇത്തരമൊരു ആശയവിനിമയം നടത്തിയത് താന്‍ ഓര്‍ക്കുന്നില്ലെന്നാണ് ഈ വാര്‍ത്തയോട് റാം പ്രതികരിച്ചത്. ഇപ്പറയുന്ന കാര്യങ്ങളൊന്നും തനിക്കോര്‍മ്മയില്ലെന്നും കലാപവുമായി ബന്ധപ്പെട്ട് ചോ രാമസ്വാമിയുമായോ മറ്റാരെങ്കിലുമായോ താനൊരിക്കലും സംസാരിച്ചിട്ടില്ലെന്നും റാം വ്യക്തമാക്കി.