ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ വില്‍ക്കുന്നുവെന്ന വാര്‍ത്ത കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് സ്റ്റീഫണ്‍ എലോപ് നിഷേധിച്ചു. ലണ്ടനില്‍ നടന്ന ഓപ്പണ്‍ മൊബൈല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ വിപണിയില്‍ കമ്പനിയുടെ സാന്നിധ്യം കുറയുന്നതിനാല്‍ കമ്പനിവില്‍ക്കാനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

ആപ്പിള്‍, മൈക്രോസോഫ്റ്റ്, സാംസങ് എന്നീ കമ്പനികളില്‍ ഏതിനെങ്കിലും നോകിയ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ ഊഹാപോഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് എലോപ് പറഞ്ഞു. നോക്കിയ വില്‍ക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആപ്പിള്‍ ഐഫോണ്‍, ഗൂഗിള്‍ ആന്‍ഡ്രോയിഡ് എന്നിവയുമായി കടുത്ത മത്സരം നേരിടുന്ന നോകിയക്ക് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ സാന്നിധ്യം മോശമായിക്കൊണ്ടിരിക്കുകയാണ്. വില കുറഞ്ഞ ഫോണുകളുമായി ഏഷ്യന്‍ കമ്പനികളുടെ മത്സരവും ശക്തമാണ്. ഈ സാഹചര്യത്തില്‍ കമ്പനി വില്‍ക്കാനൊരുങ്ങുന്നു എന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.