Administrator
Administrator
ലിസ് നീ മരിച്ചിട്ടില്ല, മരിക്കുകയുമില്ല
Administrator
Tuesday 5th April 2011 7:21am

elizabeth taylor malayalam

ജിന്‍സി ബാലകൃഷ്ണന്‍

ലോകത്ത് പല പെണ്‍കുട്ടികളും സിനിമാ നടിമാരായിട്ടിട്ടുണ്ട്. എന്നാല്‍ അവരൊന്നും നടിയാവാന്‍ വേണ്ടി മാത്രം ജനിച്ചവരായിരുന്നില്ല. നടിയാവാന്‍ വേണ്ടി ഭൂമിയില്‍ ഒരാള്‍ മാത്രമേ ജനിച്ചിട്ടുള്ളൂ. അത് എലിസബത്ത് റോസ്മണ്ട് ടെയ്‌ലറാണ്. ലിസ് ടെയ്‌ലറെന്ന നമ്മള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഈ സുന്ദരി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകജനതയുടെ മനസ് കീഴടക്കുകയായിരുന്നു.

അഭിനയത്തിന്റെയും സൗന്ദര്യത്തിന്റെയും അവസാന വാക്കാണ് ലിസ്. 12 വയസില്‍ തുടങ്ങിയ അഭിനയ സപര്യയ്ക്ക് ഓരോ വര്‍ഷം കഴിയുന്തോറും തിളക്കം കൂടുകയായിരുന്നു. അതിനുസമാനമായി ലിസിന്റെ സൗന്ദര്യവും വളരുകയായിരുന്നു. ലിസ് എന്നു വിളിക്കുന്നത് എലിസബത്തിന് ഒരിക്കലും ഇഷ്ടമല്ലായിരുന്നു. എങ്കിലും ലിസിനെ ലിസ് എന്ന് വിളിക്കാനാണ് എന്നും ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്നത്.

സൗന്ദര്യത്തിന്റെ ആഴക്കടല്‍ തന്നെ ആ നീലമിഴികളില്‍ ഒളിപ്പിച്ചിരുന്നു. കണ്ണുകളുടെ സൗന്ദര്യത്തിന് മകുടം ചാര്‍ത്തുന്ന കണ്‍പോളകളും ഇരട്ടപ്പീലികളും ലിസിന്റെ നോട്ടങ്ങള്‍ക്ക് മാന്ത്രിക ശക്തി നല്‍കി. എലിസബത്തിന്റെ മനോഹരമായ ചുണ്ടിനെ ലോകത്തൊന്നിനോടും ഉപമിക്കാനാവില്ല. ഇതിലെല്ലാമുപരി ആ രൂപലാവണ്യവും ലിസിനുമാത്രം സ്വന്തം. റോമാ സാമ്രജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ച ക്ലിയോപാട്രയുടെ രൂപം വരച്ചുണ്ടാക്കിയപ്പോള്‍ അതിന് എലിസബത്തിന്റെ ഛായ വന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല.

അഭിനയത്തിനും സൗന്ദര്യത്തിനുമപ്പുറം വിവാഹവും വിവാദവും ലിസിനോടൊപ്പമുണ്ടായിരുന്നു. 27ാം വയസിലെ മതം മാറ്റവും, 39ാം വയസിലെ മുത്തശ്ശി പദവിയും അതിനപ്പുറം ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ ഉറവും എക്കാലവും ലിസിന് മാധ്യമശ്രദ്ധ നല്‍കി. മരിച്ച ദിവസങ്ങള്‍ക്കുശേഷവും ലിസുണ്ടാക്കിയ പ്രകമ്പനങ്ങള്‍ അടങ്ങിയിട്ടില്ല. ശവസംസ്‌കാര ശ്രുശ്രൂഷകള്‍ 15 മിനുട്ട് വൈകിച്ച് മരണത്തില്‍ തനതു ശൈലി കാത്തുസൂക്ഷിച്ച ലിസ് അത് മരണശേഷവും തുടരുകയാണ്. തന്റെ മൂന്നാം ഭര്‍ത്താവിന് വിവാഹനിശ്ചയ സമ്മാനമായി നല്‍കിയ നഗ്‌ന ഫോട്ടോ പുറത്തുവന്നത് ഇതിന് തെളിവാണ്.

ലിസിന്റെ ജീവിതം ഒരു നോവല്‍ പോലെയാണെങ്കില്‍ ലിസിന്റെ ജനനത്തിനു പിന്നിലും ഒരു കഥയുണ്ട്. ജനന സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതുപോലെ ലണ്ടനിലല്ല മറിച്ച് ചെഷയര്‍ വില്ലേജില്‍ നടന്ന ഒരു ആഭാസപാര്‍ട്ടിയ്ക്കിടെയാണ് ടെയ്‌ലര്‍ ജനിച്ചതെന്ന് അവകാശപ്പെടുന്നവരുണ്ട്. എലിസബത്തിന്റെ അച്ഛന്‍ ഫ്രാന്‍സിസ് ടെയ്‌ലറും ഭാര്യയും നടിയുമായ സാറയും ഇത്തരം പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടത്രേ.

ഒരു പ്രണയബന്ധത്തിനൊടുക്കം സാറയ്ക്കു കിട്ടിയ സമ്മാനമാണ് ലിസ് എന്നും കഥകളുണ്ട്. കോടീശ്വരനും കണ്‍സര്‍വേറ്റീവ് എം.പിയും പിന്നീട് ലിസിന്റെ ഗോഡ്ഫാദറുമായി മാറിയ വിക്ടര്‍ കസാലെറ്റിന്റെ പുത്രിയാണ് ലിസ് എന്നാണ് ഇവര്‍ പറയുന്നത്.

 elizabeth taylor malayalam

ലോകസിനിമയ്ക്ക് ലിസ് നല്‍കിയ സംഭാവനകള്‍ ഒരുപാടാണ്. ബട്ടര്‍ഫീല്‍ഡ്8, ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ് എന്നീ ചിത്രങ്ങള്‍ ലിസിന്റെ ശിരസില്‍ ഓസ്‌കാര്‍ കിരീടം ചാര്‍ത്തിക്കൊടുത്തു. അതിനുപിന്നാലെ 1958 മുതല്‍ 61 വരെ തുടര്‍ച്ചയായി നാല് വര്‍ഷം ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിക്കുകയും ചെയ്തു. ജയന്റ്, ക്യാറ്റ് ഓണ്‍ എ ഹോട്ട് ടിന്‍ റൂഫ്, സഡന്‍ലി, ലാസ്റ്റ് സമ്മര്‍ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് അവര്‍ക്ക് ഓസ്‌കാര്‍ നാമനിര്‍ദേശങ്ങള്‍ നേടിക്കൊടുത്തത്.

അഭിനയം കഴിഞ്ഞാല്‍ പ്രണയമായിരുന്നു ലിസ്. വെള്ളിത്തിരയിലെ പ്രണയം ഒട്ടും ചന്തം കുറയാതെ ജീവിതത്തിലും ലിസ് ഒപ്പം ചേര്‍ത്തുപിടിക്കുകയായിരുന്നു. ആ പ്രയാണത്തിനിടയില്‍ ലിസിന്റെ പ്രണയബാണങ്ങള്‍ നിരവധി പുരുഷന്‍മാര്‍ക്കുമേല്‍ തറിച്ചു നിന്നു. ഇവരില്‍ ചിലര്‍ ജീവിതയാത്രയില്‍ കുറച്ചുകാലം ലിസിനൊപ്പം നടന്നു. മറ്റുചിലര്‍ ആ പ്രണയത്തെ മായാതെ കൊണ്ടുനടന്നു.

ഏഴുപേരുടെ ഭാര്യയായും ഒമ്പതുതവണ വിവാഹവേഷത്തിലും ലിസ് ലോകത്തിനു മുന്നില്‍ നിന്നു. ക്ലിയാപാട്രയുടെ ഷൂട്ടിങ്ങിനിടെ സഹതാരമായ റിച്ചാര്‍ഡ് ബട്ടണുമായി അവര്‍ പ്രണയത്തിലായി. 1964 ല്‍ വിവാഹം കഴിച്ചു. ഇത് അവരുടെ അഞ്ചാമത്തെ വിവാഹമായിരുന്നു. 10 വര്‍ഷത്തിന് ശേഷം വിവാഹമോചനം. 75 ല്‍ വീണ്ടും ബട്ടണെ തന്നെ വിവാഹം കഴിച്ചു. കഷ്ടിച്ച് ഒരുവര്‍ഷത്തിന് ശേഷം പിന്നെയും വിവാഹമോചനം.

ആഭരണത്തോടും പെര്‍ഫ്യൂമുകളോടും ഒരിക്കലും അവസാനിക്കാത്ത കൊതിയായിരുന്നു ലിസിന്. എലിസബത്ത് തന്റെ ജീവിതചക്രത്തിനിടയില്‍ വാങ്ങിക്കൂട്ടിയത് 15കോടിയുടെ ആഭരണങ്ങളാണ്. ഇതിനു പുറമേ ഇവയെക്കുറിച്ച് ഒരു പുസ്തകവുമെഴുതി. സ്വന്തം ശരീരത്തിന് പെര്‍ഫ്യൂമിന്റെ സുഗന്ധം നല്‍കാന്‍ എലിസബത്ത് എന്നും ശ്രദ്ധിച്ചിരുന്നു.

ഹോളിവുഡ് ആരാധകരുടെ ഗ്ലാമര്‍ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞത് എലിസബത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. കണ്ടാലും കണ്ടാലും മതിവരാത്ത ശരീരസൗന്ദര്യം കൊണ്ട് ലിസ് ആരാധകരനെ സ്വപ്‌നവലയത്തിലാക്കി.

 elizabeth taylor malayalam വെള്ളിത്തിരയിലെ താരത്തിളക്കത്തിനൊപ്പം സാമൂഹ്യരംഗത്തും ഇടപെടാന്‍ അവര്‍ സമയം കണ്ടെത്തി. അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയിഡ്‌സ് റിസര്‍ച്ച് തുടങ്ങുന്നതിലും അവര്‍ പങ്കാളിയായി.എയ്ഡ്‌സ് പ്രതിരോധത്തിനായി 50 മില്യണ്‍ ഡോളര്‍ ചുരുങ്ങിയ കാലം കൊണ്ട് പിരിച്ചെടുക്കാന്‍ കഴിഞ്ഞത് എലിസബത്തിന്റെ താരമൂല്യമാണ്. ബാലപീഡനത്തിന് മൈക്കിള്‍ ജാക്‌സണെതിരെ കുറ്റം ചാര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ ന്യായീകരിച്ച് എലിസബത്ത് രംഗത്തെത്തി. ഒടുക്കം ജാക്‌സണ്‍ ചലനമറ്റുകിടന്നപ്പോള്‍ അന്ത്യ ചടങ്ങുകളില്‍ പങ്കാളിയായി എലിസബത്ത് സൗഹൃദത്തിന്റെ മാനം കാത്തു.

നേട്ടങ്ങളെപ്പോലെ ദുരന്തങ്ങളും എലിസബത്തിന് പരിചിതമായിരുന്നു. മാധ്യമലോകം ഏറ്റവും കൂടുതല്‍ ആഘോഷിച്ച ലിസ് വിവാഹങ്ങളിലൊന്നായിരുന്നു റോഡ് മെക്‌ഡൊവെലുമായുള്ളത്. വിവാഹം കഴിഞ്ഞ് 13ാം മാസം ഒരു സ്വകാര്യ വിമാനാപകടത്തില്‍ മെക്‌ഡൊവെല്‍ മരിച്ചപ്പോള്‍ ലിസ് തകര്‍ച്ചയാണ് ലോകം കണ്ടത്. എന്നാല്‍ ഇതിനൊന്നും തന്നെ തളര്‍ത്താനാവില്ല എന്ന പ്രഖ്യാപിക്കുപോലെ ലിസ് പൂര്‍വ്വാധികം ശക്തിയോടെ ജീവിതത്തിലേക്കു മടങ്ങിവരുന്നതാണ് പിന്നീട് കണ്ടത്.

ജീവിതത്തില്‍ രോഗങ്ങള്‍ തുടര്‍ച്ചയായി പിന്തുടര്‍ന്നപ്പോഴും ലിസ് വേദനച്ചില്ല. ആ ശരീരത്തിനു താങ്ങാവുന്നതിനപ്പുറം രോഗങ്ങള്‍ ലിസ് താങ്ങിയിട്ടുണ്ട്. ഒടുക്കം ലിസ് കീഴടങ്ങി മരണത്തിനു മുമ്പില്‍ ഒരിക്കല്‍ മാത്രം.

അവസാന കാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ അവരെ നിരന്തരം അലട്ടിയിരുന്നു. മസ്തിഷകാര്‍ബുദത്തിന്റെ പിടിയലമര്‍ന്നെങ്കിലും അവര്‍ അതില്‍ നിന്ന് മുക്തയായി. ഹൃദയസംബന്ധമായ അസുഖങ്ങള്‍ പക്ഷേ അവരെ വിടാതെ പിടികൂടി. ഒടുവില്‍ ഹോളിവുഡിന്റെ സൗന്ദര്യ സങ്കല്‍പം മരണത്തിന് കീഴടങ്ങി.

Advertisement