എഡിറ്റര്‍
എഡിറ്റര്‍
‘ആളുകളുടെ മനസ്സു കീഴടക്കാന്‍ ബുള്ളറ്റല്ല പുസ്തകമാണ് വാങ്ങേണ്ടത് മോദി ജീ’ ; മോദിയ്ക്ക് ഉപദേശവുമായി പാകിസ്താനില്‍ നിന്നൊരു പതിനൊന്നുകാരി
എഡിറ്റര്‍
Wednesday 15th March 2017 12:19pm

ന്യൂദല്‍ഹി: ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലേയും സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ നിന്നുമുള്ള പെണ്‍കുട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കയച്ച കത്ത് വൈറലാകുന്നു. പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടിയാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

ലാഹോറിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലെ അസിസ്റ്റന്റ് പ്രൊഫസറുടെ മകളായ അഖീദത്ത് നവീദാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചത്. നേരത്തെ വിവിധ ആവശ്യങ്ങളുന്നയിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുമടക്കം കത്തയച്ചിട്ടുള്ള പെണ്‍കുട്ടിയാണ് അഖീദത്ത്.

ഈ മാസം 13 ാം തിയ്യതിയാണ് പെണ്‍കുട്ടിയുടെ കത്ത് നരേന്ദ്രമോദിയ്ക്ക് ലഭിക്കുന്നത്. ഇരുരാജ്യങ്ങളും ബുള്ളറ്റിന് ചെലവാക്കുന്ന പണം പുസ്തകത്തിനും മരുന്നിനും ഉപയോഗിക്കാനാണ് പെണ്‍കുട്ടി കത്തില്‍ ആവശ്യപ്പെടുന്നത്.

ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ വിജയത്തില്‍ മോദിയെ അഭിനന്ദിച്ച പെണ്‍കുട്ടി കൂടുതല്‍ ഇന്ത്യക്കാരുടേയും പാകിസ്താനികളുടേയും മനസ്സു കീഴടക്കണമെങ്കില്‍ സൗഹൃദത്തിനും സമാധാനത്തിനും വേണ്ടി ചുവടുവെക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.


Also Read: വിമാനയാത്രയ്ക്കിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു


ഒരിക്കല്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തണമെന്നാണ് ആഗ്രഹമെന്നും യാതൊരു തടസവും കൂടാതെ പാകിസ്താനികള്‍ക്ക് ഇന്ത്യയിലൂടെ സഞ്ചാരം സാധ്യമാകും അന്നെന്നും പെണ്‍കുട്ടി പറയുന്നു. അതുപോലെ തന്നെ ഇന്ത്യാക്കാര്‍ക്ക് പാകിസ്താനിലും സന്ദര്‍ശനം നടത്താനും അന്ന് സാധിക്കുമെന്ന് ആശിക്കുന്നതായും അഖീദത്ത് പറഞ്ഞു.

അഖീദത്തും സഹോദരന്‍ മൗറീഖും നേരത്തെയും പല അന്താരാഷ്ട്ര നേതാക്കന്മാരുമായി കത്തുകളിലൂടെ സംവദിച്ച് വാര്‍ത്തകളില്‍ ഇടം നേടിയവരാണ്. മോദിയ്ക്ക് മുമ്പൊരിക്കല്‍ അയച്ച കത്തിന് മറുപടിയായി അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഗ്രീറ്റിംഗ്‌സ് കാര്‍ഡ് ലഭിച്ചിരുന്നു. കൂടാതെ 2016 സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായ യുവാന്‍ മാനുവല്‍ സാന്റോസും കുട്ടികളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Advertisement