എഡിറ്റര്‍
എഡിറ്റര്‍
ഗോവയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു
എഡിറ്റര്‍
Sunday 5th January 2014 7:00am

goa-building-506

പനാജി: ചൗദിയിലെ കനാകോനയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം തകര്‍ന്ന് 11 പേര്‍ മരിച്ചു. മുപ്പത് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരുമെല്ലാം തൊഴിലാളികളാണ്.

പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഇനിയും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മരിച്ചവരെ ആരെയും തരിച്ചറിഞ്ഞിട്ടില്ല. ഭൂരിഭാഗം പേരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന ആളുകളാണെന്നും ബാക്കിയുള്ളവര്‍ ഗോവയിലെ തന്നെ ചില ഉള്‍പ്രദേശങ്ങളിലുള്ള ആദിവാസികളാണെന്നും പോലീസ് പറഞ്ഞു.

പരിക്കേറ്റ തൊഴിലാളികളെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. നാട്ടുകാരും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒമ്പത് മൃതദേഹങ്ങള്‍ പുറത്തെടുത്തു. 21 പേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി.

കെട്ടിടത്തില്‍ തൊഴിലാളികള്‍ പണിയെടുത്തു കൊണ്ടിരിക്കേയാണ് കെട്ടിടം തകര്‍ന്നത്. അഞ്ചുനില കെട്ടിടമാണ് തകര്‍ന്നു വീണത്. ഇതില്‍ നാലുനിലകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

കെട്ടിടത്തില്‍ ഏറ്റവും താഴത്തെ നിലയിലുള്ള തൂണ്‍ തകര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.

അപകടവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ അറിയിച്ചു. കെട്ടിടം പണിയേറ്റെടുത്തിരുന്ന കോണ്‍ട്രാക്ടര്‍, ഭാരത് ഡെവലപേഴ്‌സ്, എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Advertisement