ലണ്ടന്‍: മനുഷ്യന്മാര്‍ക്കും കുയിലുകള്‍ക്കും മാത്രമല്ല ആനകള്‍ക്കും പാടാന്‍ കഴിയും. മനുഷ്യര്‍ പാടുന്നത് പോലെ തന്നെ. ഒരു കൂട്ടം ഗവേഷകരാണ് ആനകളിലെ സംഗീതം കണ്ടെത്തിയിരിക്കുന്നത്.

Ads By Google

ആനകള്‍ പാടുന്നത് മനുഷ്യര്‍ക്ക് കേള്‍ക്കാനാവില്ല. കാരണം മനുഷ്യന് കേള്‍ക്കാനാവാത്ത തരത്തിലുള്ള അള്‍ട്രാ സൗണ്ട് ശബ്ദത്തിലാണ് ആളുകള്‍ പാട്ടുപാടാറുള്ളത്- ഗവേഷര്‍ പറയുന്നു.

ആനകള്‍ പരസ്പരം ആശയവിനിമയം നടത്താന്‍ ഈ ശബ്ദമാണ് ഉപയോഗിക്കുന്നത്. ആറ് മൈലിനുള്ളില്‍ വരെ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷര്‍ കണ്ടെത്തിയിരിക്കുന്നത്. 20 ഹെട്‌സിനും താഴെ ഫ്രീക്വന്‍സിയുള്ള ശബ്ദമാണ് ആനകളില്‍ നിന്നുണ്ടാവുന്നത്.

മനുഷ്യന്‍ പാടുമ്പോഴുണ്ടാവുന്ന ശബ്ദവുമായി ഇതിന് ഏറെ സാമ്യമുണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം.  രണ്ട് ശബ്ദങ്ങളും ഒരേ തരത്തിലാണ് ഉണ്ടാവുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

പൂച്ചകളിലേതുപോലെ വോക്കല്‍ കോഡുകളുടെ ചാഞ്ചാട്ടം മൂലമാണ് ആനകളില്‍ ശബ്ദമുണ്ടാവുന്നതെന്നായിരുന്നു ഗവേഷര്‍ ഇതുവരെ ധരിച്ചിരുന്നത്. എന്നാല്‍ മനുഷ്യരിലേതുപോലെ വായു സ്വനപേടകത്തിലൂടെ കടന്നുപോകുന്നതാണ് ശബ്ദം വരാന്‍ കാരണമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ബെര്‍ലിന്‍ കാട്ടില്‍ ചരിഞ്ഞ ആഫ്രിക്കന്‍ ആനയുടെ സ്വനപേടകം പുറത്തെടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. ജര്‍മനിയിലെ ഒരു കൂട്ടം ഗവേഷകരാണ് പരീക്ഷണങ്ങള്‍ നടത്തിയത്.