തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി തുടരുന്നു. തുലാവര്‍ഷത്തിലെ അഭാവവും വൈദ്യുതിയുടെ അമിത ഉപയോഗവുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

Ads By Google

ലോഡ്‌ഷെഡ്ഡിങ് നവംബറിന് ശേഷവും തുടരണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. നവംബര്‍ 30 വരെയാണ് റെഗുലേറ്ററി കമ്മീഷന്‍ ലോഡ്‌ഷെഡ്ഡിങ് അനുവദിച്ചത്. നവംബര്‍ അവസാനം അവലോകനം ചെയ്തശേഷം ഇത് തുടരണോ എന്നത് തീരുമാനിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഒരുമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങും വ്യാവസായിക ഉപയോക്താക്കള്‍ക്ക് രാത്രികാലത്ത് 25 ശതമാനം നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല.

വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏറെ വന്നിട്ടും  വെറും രണ്ടോ മൂന്നോ ദശലക്ഷം യൂണിറ്റ് കുറയ്ക്കാനേ കഴിഞ്ഞിട്ടുള്ളൂ. വ്യവസായങ്ങളുടെ രാത്രികാലത്തെ വൈദ്യുതി ഉപയോഗം ബോര്‍ഡ് നിരീക്ഷിക്കുന്നുണ്ട്.

എന്നാല്‍ രാത്രി കാലങ്ങളില്‍ ഉപയോഗം കുറയ്ക്കുകയും ഇത് പരിഹരിച്ച് പകല്‍ കൂടുതല്‍ ഉപയോഗിക്കുകയുമാണ് വ്യവസായങ്ങള്‍ ചെയ്യുന്നതെന്നാണ് ബോര്‍ഡിന്റെ നിരീക്ഷണം.

അലങ്കാര ദീപങ്ങള്‍ക്കും പരസ്യബോര്‍ഡുകള്‍ക്കും ഗ്രിഡില്‍ നിന്ന് വൈദ്യുതി ഉപയോഗിക്കരുതെന്ന് റെഗുലേറ്ററി കമ്മീഷന്‍ വിലക്കിയെങ്കിലും ഇത് നടപ്പാക്കാന്‍ ബോര്‍ഡിന് ആയില്ല.

സംഭരണികളിലെ ജലനിരപ്പ് കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും മോശമായ സ്ഥിതിയിലാണിപ്പോള്‍. 1927.53 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഇപ്പോള്‍ സംഭരണികളിലുള്ളത്.

കഴിഞ്ഞവര്‍ഷം ഇതേസമയം 3520.33 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്. പ്രതീക്ഷിച്ചതിലും 500 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കുറവാണ്.

വീടുകളില്‍ ലോഡ്‌ഷെഡ്ഡിങ് ഉണ്ടെങ്കിലും ഇന്‍വെര്‍ട്ടറുകള്‍ ചാര്‍ജ്‌ചെയ്യുന്നതിനാല്‍ ഇതിലും ലാഭമുണ്ടാകുന്നില്ല.