Administrator
Administrator
ഇലക്ട്ര തിളങ്ങി; കൈരളിയ്ക്ക് ചില്ലുപോയി
Administrator
Monday 13th December 2010 10:00pm

ജിന്‍സി ബാലകൃഷ്ണന്‍

എട്ടുമലയാള സിനിമകള്‍ ഗോവയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും അതില്‍ ശ്രദ്ധ നേടിയത് ശ്യാമപ്രസാദിന്റെ ഇലക്ട്രയാണ്. ഗോവയിലേതിനെക്കാള്‍ ഒരു പടികൂടി മുന്നോട്ടാണ് തിരുവനന്തപുരത്ത് ഇലക്ട്ര പ്രദശിപ്പിച്ചപ്പോഴത്തെ സ്ഥിതി. ഇലക്ട്രയ്ക്ക് വന്‍ വരവേല്‍പ്പാണ് സിനിമാപ്രേമികള്‍ തിരുവനന്തപുരത്ത് നല്‍കിയിരിക്കുന്നത്. ഇലക്ട്ര പ്രദര്‍ശിപ്പിച്ച കൈരളി തിയ്യേറ്ററിനുമുന്‍പില്‍ കൂടിനിന്ന ജനക്കൂട്ടം തെളിയിക്കുന്നത് ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകളാണ്. എന്തായാലും സിനിമ കഴിഞ്ഞ് തിരിച്ചെത്തിയവരും പറയുന്നത് ശ്യാമപ്രസാദ് നിരാശപ്പെടുത്തിയില്ലെന്നാണ്.

ഇലക്ട്ര കാണാനെത്തിയവരുടെ ഉന്തിലും തള്ളിലും കൈരളി തീയ്യേറ്ററിന്റെ ചില്ലുകള്‍ തകര്‍ന്നു. ജനക്കൂട്ടം കാരണം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കുപോലും ചിത്രം കാണാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായത്. മലയാള സിനിമകള്‍ തകര്‍ന്നു പോകുന്നതിന്റെ കാരണം പ്രേക്ഷകര്‍ സിനിമകാണുന്നത് ഉപേക്ഷിച്ചതല്ല. മറിച്ച് പ്രേക്ഷകരെ തിയ്യേറ്ററുകളിലെത്തിക്കുന്ന സിനിമകളുണ്ടാവാത്തതാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ ചിത്രം.

ഗ്രീക്ക് മിത്തിന്റെ സമകാലികവും കേരളീയവുമായ ആവിഷ്‌കരണമാണ് ഇലക്ട്ര. ഹൈറേഞ്ചിലുള്ള വളരെ പ്രതാപിയായ ക്രിസ്ത്യന്‍ കുടുംബത്തിലെ ഒരു പ്ലാന്ററുടെ വീട്ടില്‍ രണ്ട് മൂന്ന് തലമുറകളായി നടക്കുന്ന ഒരു കഥയുടെ രൂപത്തിലാണ് ഇലക്ട്രയെ സന്നിവേശിപ്പിച്ചിരിക്കുന്നത്. ഒരു മകള്‍ക്ക് (നയന്‍താര) അച്ഛനോടുള്ള അമിതമായ ലോയല്‍റ്റിയുടെ കഥ പറയുകയാണ് ഇലക്ട്ര. അച്ഛന്‍ വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞ മകളുടെ രോഷവും അതിന്റെ പ്രതികാരവുമാണ് ഇലക്ട്രയിലൂടെ ശ്യാമപ്രസാദ് പറയുന്നത്.

ഇതോടൊപ്പം സ്ത്രീ മനസിന്റെ ഭൂമിശാസ്ത്രം കണ്ടെത്താനുള്ള ഒരു ശ്രമം എന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മനീഷ കൊയ്‌രാള, നയന്‍താര, പ്രകാശ് രാജ്, സ്‌കന്ദ തുടങ്ങി പ്രതിഭാശാലിയായ അഭിനേതാക്കളും ഇലക്ട്രയെ നയനമനോഹരമാക്കി.

Advertisement