എഡിറ്റര്‍
എഡിറ്റര്‍
മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് ആരംഭിച്ചു
എഡിറ്റര്‍
Monday 25th November 2013 10:55am

election

ഭോപ്പാല്‍: കനത്ത സുരക്ഷാ സന്നാഹങ്ങളോടെ മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി.

ഇരു സംസ്ഥാനങ്ങളിലും ആദ്യമണിക്കൂറില്‍ കനത്ത് പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇരുസംസ്ഥാനങ്ങളിലെയും 270 നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 2725 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് 4.7 കോടി വോട്ടര്‍മാര്‍ ഇന്ന നിര്‍ണ്ണയിക്കുന്നത്.

മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് 51 ജില്ലകളിലായി 53,896 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനടക്കം 2583 സ്ഥാനാര്‍ത്ഥികളാണ് ഇവിടെയുള്ളത്.

പ്രതിപക്ഷ നേതാവ് അജയ് സിങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച മധ്യപ്രദേശില്‍ ഹാട്രിക് വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിന്റെ മകന്‍ ജയ്‌വര്‍ധന്‍ സിങ് മത്സരിക്കുന്നവരില്‍ പ്രധാനിയാണ്. നക്‌സല്‍ ബാധിത പ്രദേശങ്ങളായ എട്ട് ജില്ലകളില്‍ കടുത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മിസോറാമില്‍ നാല്‍പ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ലാല്‍ താന്‍ഹാവഌയടക്കം 142 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

വോട്ട് രേഖപ്പെടുത്തുന്നത് സ്ഥിരീകരിക്കുന്ന രസീത് ലഭിക്കുന്ന വി.വി.പി.എ.ടി സംവിധാനം ഉപയോഗിച്ച് വോട്ടിങ് നടത്തുന്ന ആദ്യ സംസ്ഥാനമെന്ന സവിശേഷതയും മിസോറാമിനുണ്ട്.

ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് എം.എന്‍.എഫ്, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, മാറാലാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സ് എന്നിവയുടെ കൂട്ടായ്മയായ മിസോറം ഡെമോക്രാറ്റിക് അലയന്‍സ് ശക്തമായ വെല്ലുവിളിയാകും ഉയര്‍ത്തുക.

Advertisement