Categories

പരസ്യപ്രചാരണം അവസാനിച്ചു; പലയിടത്തും സംഘര്‍ഷം

kerala-local-election കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറം പെരിന്തല്‍ മണ്ണയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കല്ലും വടികളുമായി പരസ്പരം സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പോലീസിന് നേരെയും ആക്രമണമുണ്ടായി.

കൊട്ടിക്കലാശത്തിനിടെ ചിലര്‍ ഐസ്‌ക്രീം കപ്പ് ഉയര്‍ത്തിക്കാണിച്ചതോടെ ഒരു വിഭാഗം പ്രകോപിതരാവുകയായിരുന്നു. സംഘര്‍ഷത്തില്‍ 15ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്.

കോഴിക്കോട് കുന്ദമംഗലത്ത് യു.ഡി.എഫ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബി.ജെ.പി ഓഫീസിന് നേരെ ആക്രമണമുണ്ടായി. എസ്.ഐ ശശീന്ദ്രന് പരിക്കേറ്റു.

വെള്ളയില്‍ കടപ്പുറത്ത് യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് പൂന്തുറയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍ പിള്ളക്ക് പരിക്കേറ്റു. വി.സുരേന്ദ്രന്‍ പിള്ള പ്രസംഗിച്ചുകൊണ്ടിരിക്കെ സമയം അവസാനിച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ് രംഗത്തെത്തുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് താഴെയിറങ്ങിയ സുരേന്ദ്രന്‍പിള്ളയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

കായംകുളം പാര്‍ക്ക് മൈതാനിയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കയ്പമംഗലം,കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.