ടൂണിസ്: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ടുണീഷ്യയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. പ്രസിഡന്റ് ഫൗദ് മെബാസയാണ് തീയ്യതി പ്രഖ്യാപിച്ചത്. ജൂലൈ 24ന് സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കും. രാജ്യത്തെ നിലവിലെ ഭരണഘടന പൊളിച്ചെഴുതുന്നതിനുള്ള ചുമതല കൗണ്‍സിലിനാണ്.

വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ ഇടക്കാല സര്‍ക്കാരിന്റെ സംരക്ഷകനായി തുടരുമെന്ന് മെബാസ അറിയിച്ചു. തെരഞ്ഞെടുപ്പിനു ശേഷം നിയമനിര്‍മ്മാണ സഭയ്ക്കു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയോ പൊതുതെരഞ്ഞെടുപ്പ് നടത്തുംവരെ ഒരാള്‍ക്കു അധികാരം നല്‍കാനോ കഴിയും.

ഈ വര്‍ഷമാദ്യം ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മുന്‍ പ്രസിഡന്റ് ബെന്‍ അലി പലായനം ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ ഇടക്കാല സര്‍ക്കാരില്‍ നിന്നു ബെന്‍ അലിയുടെ അനുയായികളായ മന്ത്രിമാര്‍ക്കും അധികാരമൊഴിയേണ്ടി വന്നു.