ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് വിശദമായി പഠിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും സംഭവിച്ച പരാജയത്തെക്കുറിച്ച് ബ്രാഞ്ച് മുതല്‍ മുകളിലോട്ട് വിശദമായ പരിശോധനയും ചര്‍ച്ചയും നടത്താന്‍ കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈദരാബാദില്‍ ചേര്‍ന്ന സി.പി.എം. കേന്ദ്രകമ്മിറ്റിയോഗത്തിലാണ് കേരളത്തിലേയും ബംഗാളിലേയും പരാജയത്തെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്.

കേരളത്തില്‍ വി.എസിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് യോഗതീരുമാനം വിശദീകരിച്ചുകൊണ്ട് കാരാട്ട് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഉദ്ദേശമില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ജനറല്‍ സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബംഗാളില്‍ നന്ദിഗ്രാം, സിംഗൂര്‍ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് യോഗം വിലയിരുത്തി. സംഘടനാപരമായി സംഭവിച്ച ഇത്തരം പിഴവുകള്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നും രണ്ട് ദിവസമായി നടക്കുന്ന സി.പി.ഐ.എമ്മിന്റെ സമ്പൂര്‍ണ കേന്ദ്ര കമ്മിറ്റിയോഗത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.

സി.പി.ഐ.എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ വെച്ചുനടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഏപ്രിലില്‍ നടക്കുന്ന കോണ്‍ഗ്രസിന് വേദിയായി തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളെയാണ് പരിഗണിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് വേദി കോഴിക്കോടാകാനാണ് സാധ്യത. സംസ്ഥാന സമിതിയാണ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

പാര്‍ട്ടി സമ്മേളനങ്ങള്‍ സപ്തംബറില്‍ തുടങ്ങി ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ സമാപിക്കും. 23 വര്‍ഷം മുമ്പ് തിരുവനന്തപുരത്തായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിന് അവസാനമായി കേരളം വേദിയായത്. പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് 1988 ഡിസംബര്‍ 27 മുതല്‍ ജനവരി ഒന്ന് വരെയായിരുന്നു.