എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തും ഹിമാചലും തിരഞ്ഞെടുപ്പ് ചൂടിലേക്ക്
എഡിറ്റര്‍
Thursday 4th October 2012 12:03am

ന്യൂദല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഹിമാചലില്‍ തിരഞ്ഞെടുപ്പ് നവംബര്‍ നാലിന് നടക്കും.

ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബര്‍17 നും രണ്ടാംഘട്ടം ഡിസംബര്‍ 18 നും നടക്കും. ഇരുസംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ ഡിസംബര്‍ 20 നാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്താണ് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ഇരുസംസ്ഥാനങ്ങളിലും ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നു.

Ads By Google

ഹിമാചല്‍പ്രദേശില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍17 ആണ്. 18 ന് സൂക്ഷ്മ പരിശോധന നടക്കും. ഗുജറാത്തില്‍ ആദ്യഘട്ടതിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 24 ഉം രണ്ടാംഘട്ടതിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 30ഉം ആണ്.

ഹിമാചലില്‍ ആകെയുള്ള 68 നിയമസഭാ സീറ്റിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം പത്തിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഹിമാചല്‍ നിയമസഭയിലേക്ക് നടന്ന അവസാനത്തെ തിരഞ്ഞെടുപ്പില്‍ 68ല്‍ 42 സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു. ഗുജറാത്തില്‍ നിലവിലുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കലാവധി അവസാനിക്കുന്നത് 2013 ജനുവരി 17നാണ്.

തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണമടക്കം നിരവധി പരിഷ്‌കാരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയതായി കൊണ്ടുവന്നിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് പുതിയതായി ആരംഭിച്ച ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കണം.

കൂടാതെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവുകള്‍ ഈ അക്കൗണ്ട് വഴിയാകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് സത്യവാങ്മൂലങ്ങള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ആദ്യത്തേത് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നറിയിക്കുന്നതിനും രണ്ടാമത്തേത് സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കുന്നതിനുമാണ്. ഇതിനകം ഇരുസംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.  ബി.ജെ.പിയും കോണ്‍ഗ്രസുമാണ് മത്സര രംഗത്തുള്ള പ്രധാന പാര്‍ട്ടികള്‍.

 

Advertisement