എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു
എഡിറ്റര്‍
Thursday 9th March 2017 1:37pm

ന്യൂദല്‍ഹി: ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 12നാണ് മലപ്പുറം ജനവിധി തേടുക. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍. ഈ മാസം 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരും. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി മാര്‍ച്ച് 23 ആണ്.

ഫെബ്രുവരി ഒന്നിനാണ് മലപ്പുറം എം.പിയായിരുന്ന ഇ. അഹമ്മദ്ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീണ അദ്ദേഹം മരണപ്പെടുകയായിരുന്നു. ബജറ്റ് തടസപ്പെടാതിരിക്കാനായി അഹമ്മദിന്റെ മരണം കേന്ദ്രസര്‍ക്കാര്‍ മറച്ചു വെച്ചു എന്ന ആരോപണം ഉയര്‍ന്നത് വന്‍ വിവാദത്തിനാണ് വഴിയൊരുക്കിയത്.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്കും ഇതേ ദിവസം തന്നെയാണ് വോട്ടെടുപ്പ് നടക്കുക. ജമ്മു കശ്മീരിലെ അനന്ത് നാഗിലും തെരഞ്ഞെടുപ്പുണ്ട്. ജയലളിതയുട അന്തിരവളായ ദീപ ജയകുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയായ എം.ജി.ആര്‍ അമ്മ ദീപ പേരവൈയുടെ സ്ഥാനാര്‍ത്ഥിയായിരിക്കും ദീപ.

 

 മലപ്പുറത്ത് ലീഗ് തന്നെ വിജയിക്കുമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള ലീഗ് യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. വേങ്ങര എം.എല്‍.എയായ പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി ലീഗ് പരിഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 

Advertisement