ന്യൂദല്‍ഹി: എംഎല്‍എയായ പി.സി.ജോര്‍ജ് കാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം വഹിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ.സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് പി.സി.ജോര്‍ജ്ജില്‍ നിന്നും വിശദീകരണം തേടുന്നതിനെകുറിച്ചും ഉടന്‍ തീരുമാനമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണ്‍ വ്യക്തമാക്കി.

പി.സി ജോര്‍ജ്ജ് ഇരട്ടപദവി വഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കാട്ടി സെബാസ്റ്റ്യന്‍ പോള്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലുള്ളത്. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതി ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്് കമ്മീഷന് കൈമാറുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് പി.സി ജോര്‍ജ്ജിനോട് വിശദീകരണം തേടാന്‍ കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് പി.സി.ജോര്‍്ജ്ജില്‍ നിന്ന് രേഖാമൂലമോ നേരിട്ടോ വിശദീകരണം തേടാനാണ് കമ്മീഷന്‍ തീരുമാനം. എംഎല്‍എയായ പി.സി.ജോര്‍ജ് മന്ത്രിയുടെ ആനുകൂല്യങ്ങള്‍ പറ്റുന്നുണ്ടെന്നും മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടേതുപോലെ ചീഫ് വിപ്പിനെ ഇരട്ടപദവി വഹിക്കാവുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടുന്നു.

ഇരട്ടപദവി വഹിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും അതിനാല്‍ തന്നെ പി.സി.ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്നുമാണ് സെബാസ്റ്റിയന്‍ പോളിന്റെ പരാതി.
മുന്‍പ് സോണിയാ ഗാന്ധിക്ക് ഇരട്ടപദവി വിഷയത്തിന്റെ പേരില്‍ എംപിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഒരേസമയം എംപിസ്ഥാനവും ആദ്യ യുപിഎ സര്‍ക്കാരില്‍ ദേശീയ ഉപദേശക സമിതി അധ്യക്ഷ സ്ഥാനവും വഹിച്ചത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിിക്കാട്ടപ്പെട്ടതിനെത്തുടര്‍ന്നാണ് സോണിയ രാജിവച്ചത്.