ന്യൂദല്‍ഹി: ഇരട്ടപദവി വിഷയത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ അയോഗ്യനാക്കേണ്ടതില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പി.സി ജോര്‍ജിന്റേത് ഇരട്ടപദവിയല്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളാ ഗവര്‍ണര്‍ക്ക് കത്തയച്ചു.

സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തിരിക്കുന്ന പി.സി ജോര്‍ജ് ഇരട്ടപദവി ആനുകൂല്യം പറ്റുന്നതായി കാണിച്ച് മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും പരാതി നല്‍കിയത്. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്തിമതീര്‍പ്പിനായി തിരഞ്ഞെടുപ്പു കമ്മീഷന്റെ അഭിപ്രായം ആരായുകായിരുന്നു. എന്നാല്‍ ഇതിനുശേഷം ചീഫ് വിപ്പിനെയും പ്രതിപക്ഷ നേതാവിനെയും ഇരട്ടപദവിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു.

സംസ്ഥാന മന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് പരിഗണിച്ചാണു കമ്മീഷന്റെ ഇപ്പോഴത്തെ നടപടി ഉണ്ടായിരിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനത്തിനൊപ്പം പ്രതിപക്ഷ നേതൃപദവിയും ഇരട്ടപദവിയുടെ പരിധിയില്‍ വരില്ലെന്ന് കമ്മീഷന്‍ ഗവര്‍ണര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മുന്‍ കാല്യ പ്രാബല്യത്തോടെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരാതി നിലനില്‍ക്കില്ലെന്നു കമ്മീഷന്‍ പറയുന്നു.

Malayalam News

Kerala News In English