എഡിറ്റര്‍
എഡിറ്റര്‍
പെയ്ഡ് ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍
എഡിറ്റര്‍
Saturday 15th March 2014 9:30am

state-election-commission

തിരുവനന്തപുരം: പെയ്ഡ് ന്യൂസുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകന്‍ വെങ്കിടേശ്വറും തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പെയ്ഡ് ന്യൂസ് പരിശോധിക്കാന്‍ ജില്ലകളില്‍ കളക്ടര്‍മാര്‍ അധ്യക്ഷനായ അഞ്ചംഗ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ തലത്തിലും നിരീക്ഷണ സമിതി ഉണ്ടാകും.

ശരിയല്ലാത്ത രീതിയിലുള്ള വാര്‍ത്തകള്‍ വഴി സ്ഥാനാര്‍ഥികള്‍ക്ക് നേട്ടമുണ്ടാകരുതെന്നാണ്  കമ്മീഷന്റെ നിലപാട്. പെയ്ഡ് ന്യൂസ് കണ്ടത്തെിയാല്‍ അത് സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവായി ഉള്‍പ്പെടുത്തുമെന്നും പാര്‍ട്ടി പത്രങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളെ പോസ്റ്റര്‍, ലഘുലേഖ എന്നിവയായി കണക്കാക്കുകയും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് കമ്മീഷന്‍ പറയുന്നത്.

വാര്‍ത്തകള്‍ സംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ പരിശോധിക്കും ഇതിനുപുറമെ നിരീക്ഷണ സമിതി സ്വന്തം നിലയിലും വാര്‍ത്തകള്‍ പരിശോധിച്ച് നടപടിയെടുക്കും.

എട്ട് മാര്‍ഗനിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്.  വിവിധ ലേഖകരുടെ പേരില്‍ വ്യത്യസ്ത പത്രങ്ങളില്‍ വരുന്ന ഒരേതരത്തിലെ ലേഖനങ്ങള്‍, പത്രത്തിന്റെ ഒരു പേജില്‍തന്നെ ഇരു സ്ഥാനാര്‍ഥികളുടെയും വിജയസാധ്യത അവകാശപ്പെടുന്ന വാര്‍ത്തകള്‍, സമൂഹത്തിലെ സമസ്ത വിഭാഗത്തിന്റെയും പിന്തുണയോടെ ഒരു പ്രത്യേക സ്ഥാനാര്‍ഥി വിജയിക്കുമെന്ന രീതിയിലെ വാര്‍ത്തകള്‍, സ്ഥാനാര്‍ഥിയെ അനുകൂലിച്ചുള്ള ബൈലൈനില്ലാത്ത വാര്‍ത്തകള്‍ , പാര്‍ട്ടി/സ്ഥാനാര്‍ഥി ചരിത്രം സൃഷ്ടിക്കുമെന്ന തരത്തിലെ വാര്‍ത്തകള്‍ , എതിര്‍ കക്ഷികളുടെയോ സ്ഥാനാര്‍ഥികളുടെയോ രാഷ്ട്രീയ പ്രതീക്ഷകളെ അപ്രസക്തമാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍, സ്ഥിരമായി നിശ്ചിത വലുപ്പവും ഫോട്ടോയും ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍,  മുന്‍നിര പത്രങ്ങളില്‍ വരുന്ന വ്യത്യസ്ത ഫോണ്ടുകളിലും ഭിന്ന മാതൃകകളിലും തയാറാക്കിയ വാര്‍ത്തകള്‍ എന്നിവയാണ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പെയ്ഡ് ന്യൂസ് സംബന്ധിച്ച് 65 കേസുകളുണ്ടായിരുന്നെന്നും ദക്ഷിണേന്ത്യയില്‍തന്നെ പെയ്ഡ് ന്യൂസിന്റെ ഏറ്റവും കൂടുതല്‍ കേസുകളും കേരളത്തിലാണുണ്ടായതെന്നും അവര്‍ അറിയിച്ചു.

Advertisement