എഡിറ്റര്‍
എഡിറ്റര്‍
സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ഗൂഗിളുമായി സഹകരിക്കാനുള്ള നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപേക്ഷിച്ചു
എഡിറ്റര്‍
Friday 10th January 2014 9:53am

google-2

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞൈടുപ്പിന് മുന്നോടിയായി ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപേക്ഷിച്ചു.

ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. വോട്ടിംഗ് സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായാണ് അമേരിക്ക ആസ്ഥാനമായ ഗൂഗിളിന്റെ സഹായം സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍,പോളിംഗ് സ്റ്റേഷന്‍ ഗൂഗിള്‍ മാപ്പിലൂടെ നിര്‍ണ്ണയിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധരാണെന്ന് ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു.

തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത്, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എച്ച്.എസ് ബ്രഹ്മ, എന്‍.എന്‍.എ സൈദി എന്നിവരുടെ യോഗത്തിലാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനമായത്.

ഗൂഗിളുമായി കരാര്‍ ഒപ്പു വച്ചെങ്കിലും യാതൊരു ഔദ്യോഗിക വിവരങ്ങളും കൈമാറിയിരുന്നില്ല. ഗൂഗിളുമായി സഹകരിക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ രംഗത്ത് വന്നിരുന്നു.

ഗൂഗിളുമായുള്ള കരാറില്‍ ഏര്‍പ്പെടുന്നത് സര്‍വ്വ കക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പിയും ദേശീയ സുരക്ഷയെയും തിരഞ്ഞെടുപ്പിനെയും ഒരുതരത്തിലും ബാധിക്കാത്തതായിരിക്കണം ഗൂഗിളുമായുള്ള കരാര്‍ എന്ന് കാണിച്ച് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് കൂടിയാലോചിക്കേണ്ടിയിരുന്നുവെന്ന് സൈബര്‍ വിദഗ്ധരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യക്കാരടക്കം പല രാജ്യങ്ങളുടെയും പല രഹസ്യ വിവരങ്ങളും അമേരിക്ക ചോര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചത്.

Advertisement