ന്യൂദല്‍ഹി: പിറവം ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനുപ് ജേക്കബ് മന്ത്രിയാകുമെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

യു.ഡി.എഫ് സ്ഥാനാര്‍ഥി അനുപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന് പിറവം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രചാരണത്തിനിടെ സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചിരുന്നു. ഇതാണ് വിവാദമായത്. ആര്യാടന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ പിറവത്ത് അനൂപിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ യു.ഡി.എഫ് നേതാക്കളും പിന്നീട് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

അനൂപ് മന്ത്രിയാകുമെന്നു നേരത്തേ പ്രഖ്യാപിക്കുന്നതു ചട്ടലംഘനമല്ലെന്നു കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാണു പ്രചാരണം തുടങ്ങിയതെന്നും. ഇക്കാര്യത്തില്‍ ഒരു ചട്ടലംഘനവുമില്ലെന്നും പരാജയഭീതികൊണ്ടുള്ള നെഞ്ചിടിപ്പാണ് ഇടതുപക്ഷത്തിനെന്നുമായിരുന്നു ചെന്നിത്തലയുടെ വാദം.

മന്ത്രിയാക്കുന്ന കാര്യത്തില്‍ ഇലക്ഷനു മുന്‍പോ ശേഷമോ എന്നതു സംബന്ധിച്ചു മാത്രമായിരുന്നു തര്‍ക്കം ഉയര്‍ന്നുവന്നിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു. അതിനപ്പുറം ഒന്നും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ല. ഇലക്ഷനു മുന്‍പു മന്ത്രിയാകണമെന്ന് അനൂപും യു.ഡി.എഫും ആഗ്രഹിച്ചില്ല. ഇനിയുള്ള കാര്യങ്ങള്‍ പിറവത്തെ ജനങ്ങള്‍ തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പുഫലം അനൂപിന് അനുകൂലമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.