ന്യൂദല്‍ഹി: എന്തുവിലകൊടുത്തും ജയിക്കുകയെന്നതാണ് ഇന്ന് രാഷ്ട്രീയത്തിലുള്ള രീതിയെന്ന വിമര്‍ശനവുമായി ഇലക്ഷന്‍ കമ്മീഷണര്‍ ഒ.പി റാവത്ത്. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കിയ ഇലക്ഷന്‍ കമ്മീഷന്‍ നടപടി വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

‘തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വവുമാകുമ്പോഴാണ് ജനാധിപത്യം വളരുന്നത്. പക്ഷെ യാതൊരു മൂല്യങ്ങളും പരിഗണിക്കാതെ എന്തുവിലകൊടുത്തും ജയിക്കുകയെന്ന രീതിയാണ് ഇപ്പോഴുള്ളത്.’ അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നത് രാഷ്ട്രീയ നേട്ടമായി വീമ്പുപറയുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ പണം ഉപയോഗിച്ചും ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചും സ്വാധീനിക്കുന്നത് കഴിവായും കാണുകയുമാണ്.’ അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും, രാഷ്ട്രീയക്കാരും പൗരസംഘടനകളും ഭരണഘടനാ സംവിധാനങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവിവാകസങ്ങളുടെ പശ്ചാത്തലത്തില്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിലേക്ക് മാറിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി ഭീഷണി ഭയന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളുരുവിലേക്ക് മാറ്റുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു.