ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്ലിംകള്‍ക്ക് പ്രത്യേക സംവരണം നടത്തുമെന്ന പ്രസ്താവന ആവര്‍ത്തിച്ച കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ഖുര്‍ഷിദിനെതിരെ നടപടിയാവശ്യപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.വൈ ഖുറേശി രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് കത്തയച്ചിരിക്കുന്നത്.

ഖുര്‍ഷിദിന്റെ പ്രസ്താവന ഭരണഘടനാ സ്ഥാപനങ്ങളുടെ വിലയിടിക്കുന്നതാണെന്നും കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും രാഷ്ട്രപതിക്കയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. ഈ നീക്കത്തിനെതിരെ ശക്തമായ ഇടപെടല്‍ വേണമെന്നും രണ്ടു പേജുള്ള കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ് ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ട്രപതിയെ സമീപിക്കുന്നത്.

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് പിന്നോക്ക സമുദായങ്ങളുടെ 27 ശതമാനം സംവരണത്തിനുള്ളില്‍ മുസ്ലിംകള്‍ക്ക് ഒന്‍പത് ശതമാനം ഉപസംവരണം അനുവദിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വിവാദ പ്രസ്താവന നടത്തിയത്. ഖുര്‍ഷിദിന്റെ പ്രസ്താവനക്കെതിരെ ബി.ജെപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു. പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഖുര്‍ഷിദിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശാസിക്കുകയും ചട്ടലംഘന പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ വെളളിയാഴ്ച ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ന്യൂനപക്ഷങ്ങള്‍ക്ക് ഉപസംവരണമേര്‍പ്പെടുത്തുമെന്ന പ്രസ്താവന ഖുര്‍ഷിദ് വീണ്ടും ആവര്‍ത്തിക്കുകയും കമ്മീഷന്‍ തൂക്കിക്കൊന്നാലും മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ താന്‍ ഉറപ്പ് വരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഖുര്‍ഷിദിന്റെ ഈ പ്രസ്താവനക്കെതിരെയും ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു. മതത്തെ കൂട്ടുപിടിച്ച് വോട്ടുനേടാന്‍ ശ്രമിക്കുന്ന ഖുര്‍ശിദിനെ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ശനിയാഴ്ച നല്‍കിയ പരാതിയില്‍ ബി.ജെ.പി ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമീഷന്‍ യോഗം ചേര്‍ന്ന് പരാതി വിലയിരുത്തിയ ശേഷം രാഷ്ട്രപതിക്ക് കത്തു നല്‍കുകയായിരുന്നു.

Malayalam News

Kerala News In English