കാസര്‍ഗോഡ്: നോട്ടടിക്കേസില്‍ ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ള പ്രാദേശിക നേതാക്കള്‍ പിടിയിലായ സാഹചര്യത്തില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസിനായി കെ. സുരേന്ദ്രന്‍ വിനിയോഗിച്ച തുകയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറുമാണ് ഈ ആവശ്യമുയര്‍ത്തിയത്.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നും വിജയിച്ച ലീഗ് എം.എല്‍.എയെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നടത്തിയ നിയമവ്യവഹാരത്തിനു ചെലവഴിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ചും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഒത്താശ ചെയ്യുന്നവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗ് നേതാക്കളുടെ ആവശ്യം.


Must Read: ‘മോദിയുടെ ഭാര്യയ്ക്കുവേണ്ടി ഡോര്‍ തുറക്കുന്ന ഗാര്‍ഡ്’ ഇന്റര്‍നെറ്റില്‍ വൈറലായി മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടയിലെ വീഡിയോ


കാസര്‍ഗോഡ് ജില്ലയില്‍ നടന്ന കൊലപാതകക്കേസുകളിലെയും വര്‍ഗീയ സംഘര്‍ഷങ്ങളിലെയും പ്രതികളെ രക്ഷിക്കാനായി ഉയര്‍ന്ന ഫീസ് വാങ്ങുന്ന വക്കീലന്മാരെയാണ് കേസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച മുസ്‌ലിം ലീഗിലെ പി.ബി അബ്ദുള്‍ റസാഖിനെതിരെയാണ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അബ്ദുള്‍ റസാഖ് 56, 870 വോട്ടും കെ. സുരേന്ദ്രന്‍ 56, 781 വോട്ടും നേടിയിരുന്നു. അന്ന് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്ന്് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വിദേശത്തുള്ളവരോ മരിച്ചവരോ ആയ 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ പറഞ്ഞ പലരും നാട്ടില്‍ ഉണ്ടായിരുന്നെന്നും വോട്ട് ചെയ്തത് തങ്ങള്‍ തന്നെയാണെന്നും കോടതിയില്‍ നേരിട്ടുവന്ന് അറിയിച്ചിരുന്നു.