p. sasi

സൂചി മുന / തുന്നല്‍ക്കാരന്‍

ഒന്ന്..

s-r-pപാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചേ അടങ്ങുവെന്ന് ചില നേതാക്കള്‍ പ്രതിജ്ഞ ചെയ്യ്തതുപോലെ കാര്യങ്ങള്‍ സംഭവിച്ചു. നീറ്റായ് ഇടതുപക്ഷം പൊട്ടി. തൃശൂര്‍ പൂരത്തിനു അമിട്ട് പൊട്ടുന്നതിലും ഉഗ്രമായും ഉച്ചത്തിലും. കമ്യൂണിസ്റ്റുകളായ സഖാക്കളുടെ നെഞ്ചില്‍ കൂട് അതിലും ശക്തമായ് പൊട്ടി. തോല്‍പിക്കാന്‍ വിചാരിച്ച് കരുക്കള്‍ നീക്കിയ മുതലാളികളുടെ മുഖത്ത് പൂത്തിരിയും കമ്പിത്തിരിയും കത്തി. വരാനിരിക്കുന്ന നാളുകളില്‍ കോണ്‍ഗ്രസുകാരും മതവാദികളും ജനങ്ങളുടെ വയറ്റില്‍ പൂത്തിരി പുകക്കും..

തെരഞ്ഞെടുപ്പില്‍ കേരളം ചില അവതാരങ്ങളെ കണ്ടു. പി.ശശിക്കു വേണ്ടി വാദിച്ച് കേന്ദ്രത്തില്‍ നിന്നൊരു വിദ്വാന്‍ വന്നു. കൊഴുക്കട്ട വായിലിട്ട് ശബ്ദിക്കുന്ന രീതിയില്‍ ആള്‍ വ്യാകരണ തെറ്റില്ലാതെ സംസാരിച്ചു. പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് ആരാണു പറഞ്ഞത് ?

ആള്‍ ഇപ്പോഴും സംസ്ഥാന കമ്മറ്റിയില്‍ പ്രസന്റ് ആണു. കഴുത്തിന്റെ ഉളുക്കു കാരണം ക്ലാസില്‍ കൃത്യമായ് ഹാജരാവുന്നില്ല. ഉളുക്ക് മാറ്റാന്‍ ചില മര്‍മ്മാണി ചികില്‍സ നടത്തിക്കൊണ്ടിരിക്കുന്നു. ഉളുക്ക് മാറിയാല്‍ ഉടന്‍ ഉളുപ്പില്ലാതെ ചില തീരുമാനങ്ങള്‍ എടുക്കും..വോട്ടേഴ്‌സിന്റെ കൈക്ക് ഒരു ഉളുക്ക് വീണു… പത്ത് സീറ്റ് ഇടതു പക്ഷത്തിനു കിട്ടേണ്ടിയിരുന്നത് നശിപ്പിച്ച സന്തോഷത്തില്‍ ഈ വിദ്വാന്‍ കോട്ടുവാ വിട്ട് പിറ്റേന്ന് വിമാനം കയറി ഇന്ദ്രപ്രസ്ഥത്തിലേക്ക്…

ഇന്ദ്രപ്രസ്ഥം ഇപ്പോള്‍ സജീവമാണു.. തീഹാര്‍ ജയിലില്‍ സ്ഥിരം റമ്മികളിയും റമ്മടിയുമായ് നിരവധി നേതാക്കള്‍ കൂടിയിരിക്കുന്നു..കോണ്‍ഗ്രസും ഘടകകന്മാരും അവിടം സ്ഥിരം താവളമാക്കിയിരിക്കുന്നു..

രണ്ട്..

v sഒരു എണ്‍പത്തിയേഴു വയസ്സുകാരന്‍, താനും കൂടി ചേര്‍ന്ന് ഉണ്ടാക്കിയൊരു പ്രസ്ഥാനത്തെ അനന്തിരവന്മാര്‍ നശ്ശിപ്പിക്കുന്നത് കണ്ട് ഇരിക്കപ്പൊറുതിയില്ലാതെ നിലം തൊടാതെ കേരളത്തില്‍ അങ്ങോളമിങ്ങോളം പാഞ്ഞു നടന്ന് തെരഞ്ഞെടുപ്പില്‍ മാന്യമായൊരു തോല്‍വി ഏറ്റു വാങ്ങി. സാധാരണ ഭരണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എട്ടു നിലയില്‍ പൊട്ടുകയാണു പതിവ്.

തോറ്റാല്‍ അതിനു ഒരു കാരണം കണ്ടെത്താന്‍ മാത്രം യാതൊരു പ്രയാസവും ഇല്ലാത്ത പാര്‍ട്ടിയായ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാറിയിരിക്കുന്നു. പറയുന്നത് കേട്ടാല്‍ കോണ്‍ഗ്രസുകാരുപോലും നാണിച്ചു പോകും.. വി.എസ് തരംഗം ഇല്ലായിരുന്നു.. ഉണ്ടായിരുന്നത് പി.ശശി തരംഗവും പിണറായി തരംഗവുമാണു…

കാരണം. സ്ത്രീ പീഡകരൊക്കെ വന്‍ വിജയമായിരുന്നു. കുഞ്ഞാലിയും പാര്‍ട്ടീസും വിജയിച്ചു. കുഞ്ഞുമ്മാണിയും പാര്‍ട്ടീസും വിജയിച്ചു.. പെണ്‍ വേട്ടയും അഴിമതിയും കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടമാണു. പി.ശശിയെ പെണ്‍ വേട്ടയുടെ പേരിലും പിണറായ് വിജയനെ അഴിമതിയുടെ പേരിലും എതിര്‍ത്ത സഖാവ് വി.എസ് കുറ്റക്കാരനാണു.. പി.ശശിയായിരുന്നു ഈ തെരഞ്ഞെടുപ്പ് നയിക്കേണ്ടിയിരുന്നത്.. അങ്ങനെയെങ്കില്‍ മുസ്ലിം ലീഗിനെ ജനങ്ങള്‍ സ്‌നേഹിച്ചതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉജ്ജ്വലമായൊരു വിജയം ഉണ്ടാവുമായിരുന്നു..

മൂന്ന്…

എല്ലാ പാര്‍ട്ടികളും അവരുടെ നേതാക്കളെ പെണ്‍വേട്ടയില്‍ അഗ്രഗണ്യരാക്കും, അഴിമതിയില്‍ ഏറ്റവും മിടുക്കന്മാരാക്കും.. എല്ലാവര്‍ക്കും ഈ വിദ്യയില്‍ എ.പ്ലെസ്. അതോടെ ജനങ്ങള്‍ ഈ ധീരവീരശൂരപരാക്രമികളെ തങ്ങളുടെ നെഞ്ചേറ്റും.. അവരെക്കൊണ്ട് തങ്ങളുടെ നെഞ്ച് ചവിട്ടിപ്പൊളിപ്പിക്കും.. വരൂ… വരൂ … ഞങ്ങളെ പീഡിപ്പിക്കു.. ഞങ്ങളെ കൊള്ളയടിക്കൂ എന്ന് ജനങ്ങള്‍ വിളിച്ചു പറയും..കേരളം അങ്ങനെ ഒരു ഭ്രാന്താലയമാകും..

മുറിക്കഷ്ണം..

ഒരു ജനതക്ക് ആവശ്യമുള്ള നേതാക്കളെ അവര്‍ക്ക് ലഭിക്കുന്നു..

സൂചിമുന..

നല്ല നമസ്‌ക്കാരം.