എഡിറ്റര്‍
എഡിറ്റര്‍
EXCLUSIVE: സര്‍ക്കാര്‍ഭൂമി ഇന്‍കലിന് നല്‍കിയതില്‍ തെറ്റില്ലെന്ന് എളമരം കരീം
എഡിറ്റര്‍
Friday 7th September 2012 9:33am

തിരുവനന്തപുരം: ഇന്‍കല്‍ എന്ന സര്‍ക്കാര്‍-സ്വകാര്യ സംയുക്ത കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതില്‍ തെറ്റില്ലെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. സര്‍ക്കാര്‍ ഭൂമി 30 ശതമാനത്തില്‍ താഴെ മാത്രം സര്‍ക്കാര്‍ ഓഹരിയുള്ള ഇന്‍കലിന് കൈമാറിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എന്ന വാര്‍ത്തയെപ്പറ്റി ‘ഡൂള്‍ ന്യൂസി’നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Ads By Google

‘വ്യവസായ പാര്‍ക്കുകളില്‍ സര്‍ക്കാര്‍ ഭൂമി വ്യവസായികള്‍ക്ക് സൗജന്യമായി നല്‍കുന്നത് പതിവാണ്. ഞങ്ങള്‍ അത് സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനി വഴിയാക്കിയതില്‍ എന്താണ് തെറ്റ്?’ എളമരം കരീം ചോദിച്ചു. മറ്റ് കമ്പനികള്‍ക്ക് മറിച്ചുനല്‍കാന്‍ അനുവാദത്തോടെ സര്‍ക്കാര്‍ ഭൂമി ഇന്‍കലിന് കൈമാറുന്നത് എന്തിനാണെന്നും വ്യവസായികള്‍ക്ക് ഭൂമി നല്‍കാനാനെങ്കില്‍ തന്നെ സര്‍ക്കാരും വ്യവസായികളും തമ്മില്‍ ഭൂമി കൈമാറിയാല്‍ പോരെയെന്നും അതിന് ഇന്‍കലിനെ ഇടനിലക്കാര്‍ ആക്കണോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് സ്മാര്‍ട്ട് സിറ്റിയുടെ ഉദാഹരണവുമായാണ് മുന്‍ മന്ത്രി പ്രതികരിച്ചത്.

‘സര്‍ക്കാര്‍ ഭൂമിയില്‍ ഭൗതിക സൗകര്യ വികസനം നടത്തി വ്യവസായികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. അപ്പോള്‍ സ്മാര്‍ട്ട് സിറ്റി മാതൃകയാണ്  നമുക്ക് മുന്നിലുള്ളത്. എന്നാല്‍ അത് പൂര്‍ണ്ണമായ സ്വകാര്യ കമ്പനിയാണ്. ഇവിടെ ഇന്‍കല്‍ സര്‍ക്കാരിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ്. ഇവിടെ ഇന്‍കലിന് ഭൂമി നല്‍കിയതല്ലല്ലോ എമേര്‍ജിങ് കേരളയിലെ പ്രശ്‌നം. കേരളത്തിലെ വിഭവങ്ങള്‍ ഒന്നാകെ മൂലധന ശക്തികള്‍ക്ക് കൊള്ളയടിക്കാന്‍ നല്‍കുകയും നെല്ലിയാമ്പതിയിലും വാഗമണ്ണിലും ഒക്കെയുള്ള പരിസ്ഥിതി പ്രദേശങ്ങളില്‍ പദ്ധതി കൊണ്ട് വരികയും ചെയ്യുന്നതാണല്ലോ.’ എളമരം കരീം വ്യക്തമാക്കി.

‘കുഞ്ഞാലിക്കുട്ടി എന്ത് പറഞ്ഞു എന്നെനിക്ക് അറിയില്ല. മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം പദ്ധതികള്‍ അനുവദിച്ച് എന്ന വിശദാംശങ്ങളും ഞാന്‍ പഠിച്ചിട്ടില്ല. അതെല്ലാം വ്യക്തമായി അറിഞ്ഞ ശേഷവും മറ്റും വിശദമായി പ്രതികരിക്കാം’ എളമരം കരീം കൂട്ടിച്ചേര്‍ത്തു.

Advertisement