ദോഹ: രാജ്യത്താകമാനം ഉയര്‍ന്ന് വരുന്ന വര്‍ഗ്ഗീയതയ്ക്കും, ഫാഷിസത്തിനുമെതിരെയുള്ള ഒരു ജനകീയ ബദല്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ എളമരം കരീം.

സംസ്‌കൃതിയുടെ പ്രഭാഷണ പരമ്പരയിലെ ഇരുപത്തിയൊന്നാം അദ്ധ്യായത്തില്‍ ‘എല്‍.ഡി.എഫ് സര്‍ക്കാരും പ്രവാസികളും’ എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മഹത്തായ മതേതര സ്വഭാവം കാത്ത് സൂക്ഷിക്കുന്നതില്‍ ഇടത്പക്ഷം വഹിക്കുന്ന പങ്ക് വലുതാണ്.

1957ലെ ഇ എം എസ് സര്‍ക്കാര്‍ മുതലിങ്ങോട്ട് അധികാരത്തിലിരുന്ന ഇടത്പക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക-വ്യാവസായിക നയങ്ങള്‍ കേരളത്തെ മറ്റ് സംസ്ഥനങ്ങളെ അപേക്ഷിച്ച് വികസന-മാനവ സൂചികയില്‍ മുന്‍ പന്തിയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്ക് വേണ്ടി എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ളത് കാലാകാലങ്ങളില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരുകളാണ്. കേരളത്തിന്റെ അടിസ്ഥാനവികസന കാര്യങ്ങളില്‍ അടക്കം പ്രവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ പദ്ധതികളാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലയിലെ സ്ഥാപങ്ങള്‍ എല്ലാം ലാഭത്തില്‍ പ്രവര്‍ത്തിപ്പിച്ചാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എല്ലാ പൊതുമേഖലാ സ്ഥപങ്ങളുടേയും അവസ്ഥ ദയനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസിഭാരതി അന്തര്‍ദ്ദേശീയ നാടകോത്സവത്തില്‍ മികച്ച രചനയ്ക്കും, മികച്ച നടിക്കുമുള്ള പുരസ്‌കാരം ലഭിച്ച സംസ്‌കൃതി അംഗങ്ങളായ രാജേഷ് മാത്യു, ദര്‍ശന രാജേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്‌കൃതി ജനറല്‍ സിക്രട്ടറി കെ കെ ശങ്കരന്‍, പ്രസിഡന്റ് എ കെ ജലീല്‍, വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.