എഡിറ്റര്‍
എഡിറ്റര്‍
ചക്കിട്ടപാറ ഖനനം: സ്വകാര്യ കമ്പനിയില്‍ നിന്നും 5 കോടി എളമരം കരീമിന് എത്തിച്ചെന്ന് ഡ്രൈവര്‍
എഡിറ്റര്‍
Tuesday 26th November 2013 11:13am

elamaram-kareem

കോഴിക്കോട്: ചക്കിട്ടപാറയിലെ വിവാദ ഇരുമ്പയിര് ഖനനത്തിനായി വന്‍ പണമിടപാട് നടന്നതിന്റെ വാര്‍ത്തകള്‍ പുറത്ത്. മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ വിശ്വസ്തനായ നൗഷാദിന്റെ ഡ്രൈവറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഖനനത്തിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നൗഷാദ് കമ്പനി അധികൃതരില്‍ പണം വാങ്ങി. ഇത് അഞ്ച് കോടി രൂപയുണ്ടെന്ന് നൗഷാദ് പറയുന്നത് താന്‍ കേട്ടതാണ്.

രണ്ട് പെട്ടികളിലായാണ് പണം ഉണ്ടായിരുന്നത്. ഈ തുക എളമരം കരീമിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. പണം എത്തിച്ച ഉടനെ തന്നോട് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും സുബൈര്‍ വെളിപ്പെടുത്തി.

നൗഷാദുമായും കരീമുമായും ഇപ്പോള്‍ സുബൈര്‍ അകല്‍ച്ചയിലാണ്.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ചക്കിട്ടപാറയിലാണ് സ്വകാര്യ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയിരുന്നത്. ചക്കിട്ടപാറ വില്ലേജിലെ 406 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകയില്‍ നിന്നുള്ള കമ്പനിക്ക് അനുവദിച്ചിരുന്നത്.

സംഭവം വിവാദമായതോടെ വ്യവസായ വകുപ്പ് അനുമതി റദ്ദാക്കുകയും ചെയ്തു.

എളമരം കരീമിന്റെ കാലത്താണ് സംസ്ഥാനത്ത് ഖനനമാഫിയ സജീവമായതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനത്തിന് ഒത്താശ നല്‍കിയത് എളമരം കരീമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ചക്കിട്ടപാറ വില്ലേജിലെ സര്‍വെനമ്പര്‍ 801 മുതല്‍ 804 വരെയും, 917 മുതല്‍ 923 വരെയും, 924 മുതല്‍ 929 വരെയുമുള്ള 406.4500 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകത്തിലെ ബെല്ലാരി ആസ്ഥാനമായിട്ടുള്ള എം.എസ്.എല്‍. കമ്പനി സര്‍വെ നടത്തിയത്.

രണ്ട് വര്‍ഷം മുമ്പാണ് പ്രദേശത്ത് സര്‍വേ ആരംഭിച്ചത്. കേന്ദ്ര ഖനിമന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു സര്‍വേ. 2008 ലാണ് കേന്ദ്രസര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയത്.

Advertisement