വടകര:   ടി.പി വധത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബലിയാടുകളാവുകയാണെന്ന് എളമരം കരീം എം.എല്‍.എ. വടകരയില്‍ നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് വടകരയില്‍ നടത്തുന്ന ബഹുജന മാര്‍ച്ച് അക്രമാസക്തമാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്. ഏത് ഇന്റലിജന്‍സാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കുന്ന പോലീസിന്റേയും യു.ഡി.എഫ് സര്‍ക്കാരിന്റേയും അനീതി ജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും വടകരയിലും ഒഞ്ചിയത്തും നിരന്തരം ആക്രമിക്കപ്പെടുകയാണ്. വീണ്ടും ഒരു അക്രമം അഴിച്ചുവിടേണ്ടെന്നു കരുതിമാത്രമാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റേയും രമേശ് ചെന്നിത്തലയുടേയും വെളിപാടിനും പ്രഖ്യാപനങ്ങള്‍ക്കുമനുസരിച്ച് കേസ് അന്വേഷണം നടത്തുന്ന പോലീസ് ജനങ്ങളെ കബളിപ്പിക്കുകയാണ്.

സി.പി.ഐ.എം അനുഭാവികളെ ആക്രമിക്കുന്ന സംഘങ്ങളെ തടയാനുള്ള നടപടി പോലീസ് എടുക്കണം. ഞങ്ങള്‍ ഒരു ആനുകൂല്യത്തിനും വരുന്നില്ല. ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്കുള്ള നിയമസുരക്ഷ മാത്രം മതി ഞങ്ങള്‍ക്ക്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ മേല്‍ ഈ കൊലപാതകക്കുറ്റം ചുമത്താനുള്ള ശ്രമമാണ്.

സി.പി.ഐ.എം അനുഭാവിയെന്ന് പറഞ്ഞ് ആദ്യം അറസ്റ്റ് ചെയ്ത റഫീക്ക് അയാള്‍ ഇപ്പോള്‍ എവിടെ,,റഫീക്കിന്റെ വിരളടയാളം ഇന്നോവ കാറില്‍ നിന്നും ലഭിച്ചെന്നു പറഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോഴാണ് അയാള്‍ ലീഗുമായി ബന്ധമുള്ള ആളാണെന്ന് തെളിഞ്ഞത്. അതോടെ അയാളെ ഈ കേസില്‍ നിന്നും ഒഴിവാക്കി. റഫീക്കിനെ കുറിച്ച് ഇപ്പോള്‍ ഒരു വിവരമില്ല.

പിന്നീട് അന്ധേരി സുരയുടെ മകളുടെ കല്ല്യാണത്തിന് ആ വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്ന് പറഞ്ഞു. അയാളുടെ വീട്ടില്‍ വന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെന്ന് അറിയാന്‍ കല്ല്യാണ സി.ഡി വരെ വാങ്ങി നോക്കി. അതില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ സുരയുടെ പേര്് ഒഴിവാക്കി. ഇത്തരത്തില്‍ സമൂഹത്തില്‍ മാന്യതയുള്ളവരെ താറടിച്ചു കാണിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണ്. ഈ പോലീസുകാര്‍ക്ക് ആരാണ് ശബളം നല്‍കുന്നത്.

സി.പി.ഐ.എമ്മിനെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാമെന്ന് ആരും കരുതണ്ട. ഇതിനു മുമ്പ് കള്ളക്കേസുകള്‍ ഞങ്ങള്‍ക്കു നേരെ വന്നിട്ടുണ്ട്. അശോകന്‍ ഇത്തരത്തിലൊരു കേസ്സില്‍ പ്രതിയാകില്ലെന്ന് വടകരയുള്ള എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെയും വിളിച്ചു കൂട്ടുകയോ അറിയിക്കുകയോ ചെയ്തിട്ടല്ല വടകരയിലേയ്ക്ക് പോയത്. അറസ്റ്റ് വാര്‍ത്തയറിഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നതും പ്രതിഷേധിച്ചതും.

അശോകന്‍ പ്രതിയാണെന്ന് പ്രഖ്യാപിച്ചത് രമേശ് ചെന്നത്തലയാണ്. അതിന് പിറകേ പ്രസ്താവനയുമായി മുല്ലപ്പള്ളി വന്നു. കേസ് നേര്‍വഴിയില്‍ കൊണ്ടുപോയില്ലെങ്കില്‍ ഞങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കും എന്നതായിരുന്നു പോലീസിനു നേരെ മുല്ലപ്പള്ളി വെച്ച ഭീഷണി. പിറ്റേദിവസം മുതല്‍ തന്നെ ഞങ്ങളുടെ പ്രവര്‍ത്തകരെ ഓരോരുത്തരേയായി അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ തുടങ്ങി.

കമ്മ്യൂണിസ്റ്റ് വിരുദ്ധവേട്ടക്കാരുടെ കൂട്ടത്തില്‍പെട്ടയാളാണ് മുല്ലപ്പള്ളി. അയാള്‍ കേന്ദ്രത്തില്‍ തന്നെ നില്‍ക്കുന്നതാണ് അവിടുത്തെ നാട്ടുകാര്‍ക്ക് നല്ലത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും എങ്ങനെയോ ജയിച്ചുപോയ ആളാണ് മുല്ലപ്പള്ളി.

അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പ്രവര്‍ത്തകരെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. ഞങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് തന്നെ അറ്‌സ്റ്റ് ചെയ്തവരെ അവിടെ നിന്നും മാറ്റുകയാണ്.

പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും നടക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. മാധ്യമങ്ങളെ കടിഞ്ഞാണിടുന്ന ഒരു നടപടിയേയും അനുകൂലിക്കന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കെതിരെ ഒരു ചെറുവിരലുമനക്കിയിട്ടില്ല. പാര്‍ട്ടികള്‍, രക്തസാക്ഷി സ്തൂപങ്ങള്‍, വായനാശാലകള്‍, അവിടുത്തെ പുസ്തകങ്ങള്‍ എന്നിവയെല്ലാം ഇപ്പോള്‍ അക്രമിക്കപ്പെടുകയും കത്തിക്കുകയുമാണിപ്പോള്‍ ചെയ്യുന്നത്. ഞങ്ങളെ അവിടെ പോകുന്നതില്‍ നിന്നും പോലീസ് തടയുകയും എന്നാലതേസമയം അക്രമികള്‍ക്ക് മൗനാനുവാദം നല്‍കുകയും ചെയ്യുന്നു.

ചന്ദ്രശേഖരന്റെ കൊലാളികളെ സത്യസന്ധമായി കണ്ടെത്തണം. ഞങ്ങള്‍ക്ക് ഈ കൊലയില്‍ യാതൊരു പങ്കുമില്ല- കരീം വ്യക്തമാക്കി.