കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ആസ്ഥാനത്ത് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നടത്തിയ സമരം കൃത്യമായ ഗൂഢാലോചനയോടെയായിരുന്നെന്ന് സി.പി.ഐ.എം നേതാവ് എളമരം കരീം.

ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും ഡി.ജി.പി ഓഫീലിന് മുമ്പില്‍ സമരം ചെയ്യാന്‍ ഏപ്രില്‍ അഞ്ച് തന്നെ തെരഞ്ഞെടുത്തത് ആദ്യമന്ത്രി സഭ വാര്‍ഷികം അലങ്കോലപ്പെടുത്താനെന്ന് എളമരം കരീം പറഞ്ഞു. ശ്രീജിത്തിനെ സാക്ഷിയാക്കിയായിരുന്നു എളമരം കരീമിന്റെ പ്രസംഗം.

വളയത്ത് മഹിജയുടെ സമരത്തിന് പിന്നിലെ ഗൂഡാലോചന തിരിച്ചറിയുക എന്ന് ആവശ്യപ്പെട്ട് സി.പി.ഐഎം നടത്തിയ പ്രതിരോധ സദസ്സിലായിരുന്നു കരീമിന്റെ പ്രതികരണം.

പാര്‍ട്ടി കുടുംബമാണെന്ന് പറയുന്നവര്‍ സമരത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടിയുമായി ആലോചിച്ചില്ല. തിരുവനന്തപുരത്തെ പാര്‍ട്ടി കേന്ദ്രങ്ങളുമായും സമരത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല.

എന്നാല്‍ അവര്‍ എസ്.യുസിഐ നേതാവ് ഷാജര്‍ഖാനുമായി ആലോചിച്ചു. മിനയുമായി ആലോചിച്ചു. അതില്‍ നിന്ന് വ്യക്തമാവുന്നത് സമരത്തിനായി ഏപ്രില്‍ അഞ്ച് തന്നെ തെരഞ്ഞെടുത്തത് ആദ്യമന്ത്രി സഭ വാര്‍ഷികം അലങ്കോലപ്പെടുത്താനാണെന്ന് മനസ്സിലാക്കാമെന്നും കരീം പറഞ്ഞു.