എഡിറ്റര്‍
എഡിറ്റര്‍
പോലീസിലേയും മാധ്യമപ്രവര്‍ത്തകരിലേയും ചിലര്‍ ക്വട്ടേഷന്‍കാരെന്ന് എളമരം കരീം
എഡിറ്റര്‍
Friday 18th May 2012 4:25pm

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം. ചന്ദ്രശേഖരന്‍ വിഷയത്തില്‍ ചില പോലീസുകാരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സി.പി.ഐ.എമ്മിന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതുപോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കരീം കുറ്റപ്പെടുത്തി.

വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കരീമിന്റെ വിമര്‍ശനം. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസത്തെ മനോരമ പത്രത്തില്‍ വന്ന കൊലയ്ക്ക് പിന്നില്‍ സി.പി.ഐ.എം എന്ന മുല്ലപ്പള്ളിയുടെ വാര്‍ത്ത അദ്ദേഹം ഉദാഹരിച്ചു. കൊലനടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുകയാണ് ഇതിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന്. പ്രതികളെയും കുറ്റവാളികളെയും നേരത്തെ തന്നെ കണ്ടെത്തിയെങ്കില്‍ പിന്നെന്തിനാണ് അന്വേഷണം. ഈ പ്രസ്താവനയുടെ പൊള്ളത്തവരും ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുയാള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നതും ഒരു മാധ്യമവും ചൂണ്ടിക്കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം ഒഞ്ചിയത്തുള്ള സി.പി.ഐ.എമ്മിന്റെ പ്രമുഖ നേതാക്കള്‍ കുടുംബസമേതം മാറിനിന്നെന്നും കൊലപാതകം ഗൂഢാലോചനയായിരുന്നെന്ന് ഇത് വ്യക്തമാക്കുന്നെന്നും മെയ് പത്തിന് 10  മനോരമയില്‍ റിപ്പോര്‍ട്ട് വന്നു. മറ്റുമാധ്യമങ്ങളും ഇത് ഏറ്റുപിടിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഒരാള്‍ പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘അന്ധേരി സുരയെന്ന കൊലക്കേസ് പ്രതിയുടെ കല്ല്യാണ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചെക്യാട് പഞ്ചായത്തില്‍ ഞങ്ങളല്ലാതെ മറ്റാരും ഉണ്ടായിരിക്കരുതെന്ന് പറഞ്ഞാണ് അന്ധേരി സുര ഒരു മുസ് ലീം ലീഗ് പ്രവര്‍ത്തകനെ കൊന്നതെന്നാണ് മനോരമ റിപ്പോര്‍ട്ടര്‍ എഴുതിയിരിക്കുന്നത്. ഈ ലേഖകന് ചെക്യാട് പഞ്ചായത്തിനെക്കുറിച്ചൊന്നും അറിയില്ല. ചെക്യാട് മുസ് ലീം ലീഗിന് സ്വാധീനമുള്ള മേഖലയാണ്. സി.പി.ഐ.എമ്മിന് ഇവിടെ സ്വാധീനം കുറവാണ്’ – കരീം വ്യക്തമാക്കി.

‘2001ല്‍ നാദാപുരംത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സന്തോഷിനെ മുസ്‌ലീം ലീഗ് നേതാവ് മൊയ്തുഹാജിയുടെ വീടിനടുത്ത് വച്ച് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ ജനക്കൂട്ടം മൊയ്തുഹാജിയെ കൊലപ്പെടുത്തുകയായിരുന്നു. ആ കേസിലെ പ്രതിയാണ് അന്ധേരി സുര. എന്നാല്‍ ഈ വസ്തുതകള്‍ പറയാതെ സുരയെ ഗൂഢാലോചകനായും സ്ഥിരം കൊലപാതകങ്ങള്‍ ചെയ്യുന്നയാളായും ചിത്രീകരിച്ചു. അയാളുടെ വീട്ടില്‍ വിവാഹത്തിന് പ്രമുഖ നേതാക്കള്‍ പോയാല്‍ എന്താണ് തെറ്റ്. കൊലക്കേസ് പ്രതികളായ മന്ത്രിമാര്‍ വരെ ഭരിക്കുന്ന നാടാണിത്. കേരളത്തില്‍ ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഒരു കൊലക്കേസ് പ്രതിയുണ്ട്’

‘പടയങ്കണ്ടി രവീന്ദ്രനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മെയ് 17ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. ‘സങ്കടമുണ്ട് സര്‍, അയാളുമായി വ്യക്തിപരമായി എനിക്കൊരു വിരോധവുമില്ല. പാര്‍ട്ടി തീരുമാനം ഞാന്‍ നടപ്പാക്കുകയാണ് ചെയ്തത്. ‘ രവീന്ദ്രന്‍ പോലീസിന് ഇങ്ങനെ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എവിടുന്ന് കിട്ടി ഈ വാര്‍ത്ത. ഈ റിപ്പോര്‍ട്ടറുടെ അടുത്ത് നിന്നാണോ രവീന്ദ്രനെ പോലീസ് ചോദ്യം ചെയ്തത്. ഏത് പോലീസ് ഉദ്യോഗസ്ഥനാണ് ഇയാള്‍ക്ക് ഈ വിവരം നല്‍കിയത്. മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്താണോ അന്വേഷണം നടത്തുന്നത്.’

‘ ഇതുപോലുള്ള വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒഞ്ചിയത്തുള്ള സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായത്. മെയ് 12 വെള്ളിയാഴ്ച മാധ്യമത്തില്‍ വന്നിരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ദയാനന്ദനെ വടകര പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തുവെന്നാണ്. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. എവിടുന്ന് കിട്ടിയ വിവരമാണിത്. ‘

‘ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടി പാര്‍ട്ടി വിലക്കിയിരുന്നെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുകണ്ടു. ഞങ്ങളാരെയും വിലക്കിയിട്ടില്ല. 1000 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കെടുത്തെന്നാണ് പറയുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ 140 കസേരകളോ മറ്റോ ആണുള്ളത്. ഇതില്‍ കുറേപ്പേര്‍ ജനതാദളുകാരും മറ്റുമായിരുന്നു. പങ്കെടുത്തവരെ ഞങ്ങള്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. 396 ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരെയാരെയും വിലക്കിയിരുന്നില്ല.’

‘ ഇന്നയാളെയൊക്കെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോള്‍ ഇവരെ പോലീസ് ചോദ്യം കസ്റ്റഡിയിലെടുക്കും. പിന്നെ കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്ത നല്‍കും. ഇതൊക്കെ  മാധ്യമങ്ങളും പോലീസും നടത്തുന്ന മനപൂര്‍വ്വ ശ്രമങ്ങളാണ് വ്യക്തമാക്കുന്നത്.’

‘ സ്വകാര്യ ലാഭത്തിനുവേണ്ടി കൊലചെയ്തതെന്നാണ് ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കൊന്നവരെ അറിയാം. ചെയ്യിച്ചവരെയാണ് ഇനി കണ്ടെത്തേണ്ടതെന്നാണ് ഡി.ജി.പി പറഞ്ഞത്്. ‘

‘ എന്നാല്‍ കഴിഞ്ഞദിവസം മുല്ലപ്പള്ളി പറയുന്നു ചെറിയ പരല്‍മീനുകളാണ് പിടിയിലായത് വമ്പന്‍ സ്രാവുകള്‍ ഇനി പിടിക്കപ്പെടാനുണ്ടെന്ന്. അന്വേഷണം കൃത്യമായി നടക്കുന്നില്ലെങ്കില്‍ സി.ബി.ഐയെ എല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതായത് ഞങ്ങള്‍ പറയുന്ന രീതിയില്‍ അന്വേഷിച്ചില്ലെങ്കില്‍ സി.ബി.ഐയ്ക്ക് ഏല്‍പ്പിക്കുമെന്നാണ് ഇതിനര്‍ത്ഥം. ‘

‘ കഴിഞ്ഞ നാല് വര്‍ഷമാണ് ഒഞ്ചിയത്ത് സി.പി.ഐ.എമ്മിനെതിരെ അക്രമണം നടക്കുകയാണ്. പോലീസിന്റെ സഹായത്തോടെയാണ് ചില റൗഡികള്‍ സി.പി.ഐ.എമ്മിനെതിരെ ഇത്തരം അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. സി.പി.ഐ.എം വിചാരിക്കുകയാണെങ്കില്‍ ഇതൊക്കെ അവസാനിപ്പിക്കാന്‍ ഒറ്റദിവസം മതി.’  സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം.
പത്രസമ്മേളനത്തില്‍ എം ഭാസ്‌കരനും (സെക്രട്ടറി ഇന്‍ചാര്‍ജ്  കോഴിക്കോട് ജില്ല) പങ്കെടുത്തു.

Advertisement