എസ് അനിരുദ്ധന്‍

കിനാലൂരിലെ കേച്ചേരി വീട്ടില്‍ സുലൈഖ, ഇന്ദു,സുമതി, ഖദീജ ഇവരെയെല്ലാം 2010 മെയ് ആറിന് പോലീസ് തല്ലിച്ചതച്ചത് എന്തിനു വേണ്ടിയായിരുന്നു?. ഈ അമ്മമാരും ഒപ്പം തല്ലുകൊണ്ട കുഞ്ഞുങ്ങളുമെല്ലാം വികസന വിരോധികളായിരുന്നുവെന്നായിരുന്നു വിശദീകരണം. ആരുടെ വികസനത്തിനായിരുന്നു ഇവര്‍ എതിര് നിന്നത് എന്ന് അതിന് മുമ്പും പിമ്പും പലവട്ടം വ്യവസായ മന്ത്രി എളമരം കരീം വ്യംഗ്യമായി സൂചിപ്പിച്ചിരുന്നു.

കിനാലൂരില്‍ ഏതോ മലേഷ്യന്‍ കമ്പനി ഉപഗ്രഹ നഗരം കൊണ്ടുവരുന്നുവെന്നാണ് ആദ്യം കുറേക്കാലം പ്രചരിക്കപ്പെട്ടത് പിന്നെ കേട്ടത് വന്‍കിട വ്യവസായ വികസന കേന്ദ്രമാണ് വരാന്‍ പോകുന്നതെന്ന്.

എന്താണ് പദ്ധതിയെന്ന് വ്യക്തമാക്കപ്പെടാതെ അടിമുടി ദുരൂഹത നിറഞ്ഞ ഒരേര്‍പ്പാടായിരുന്നു കിനാലൂരില്‍ നടന്നത്. പക്ഷേ കിനാലൂരിലേക്ക് ഒരു നാലുവരിപ്പാത വേണമെന്ന കാര്യത്തില്‍ എളമരം കരീമിന് സംശയമുണ്ടായിരുന്നില്ല.

മലബാര്‍ സിമന്റ്‌സ്

മലബാര്‍ സിമന്റ്‌സിന്റെ നടത്തിപ്പ് എത്രത്തോളം മോശപ്പെട്ട അവസ്ഥയിലാണെന്ന് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും മരണത്തോടെ വ്യക്തമായിക്കഴിഞ്ഞു. ശശീന്ദ്രനെ ഭീഷണിപ്പെടുത്തി ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് കമ്പനി മാനേജിങ് ഡയരക്ടര്‍ എം.സുന്ദരമൂര്‍ത്തി, പേഴ്‌സണല്‍ സെക്രട്ടറി പി.സൂര്യനാരായണന്‍,ചാക്ക് രാധാകൃഷ്ണന്‍, എന്നിവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ എഫ്.ഐ.ആറും സമര്‍പ്പിച്ചു. ശശീന്ദ്രന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ പൊടുന്നനെ ഉണ്ടായതല്ലെന്നത് പരസ്യമാണ്. വര്‍ഷങ്ങളായി അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരുണ്ട വഴികളിലൂടെത്തന്നെയാണ് മലബാര്‍ സിമന്റ്‌സിന്റെ യാത്ര. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 363.5 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതും എളമരം കരീം വ്യവസായമന്ത്രിയാകുന്നതും.

അന്തര്‍സംസ്ഥാന ഇടപാടുകളുള്ള ഈ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്യാന്‍ വ്യവസായ വകുപ്പ് തയ്യാറായില്ല. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം പോലും ഹൈക്കോടതിയില്‍ വന്ന ഒരു പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് എളമരം കരീമിലെത്തിയപ്പോള്‍ ഒരു ചുക്കും സംഭവിച്ചില്ല. ശശീന്ദ്രന്‍മാര്‍ പീഡിപ്പിക്കപ്പെടുകയും സൂര്യനാരായണന്‍മാരും രാധാകൃഷ്ണന്‍മാരും ശക്തരാവുകയും ചെയ്തു.

മലയാളം വാരിക

ഇതെഴുതുമ്പോള്‍ വരെ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത സമകാലിക മലയാളം വാരികയില്‍ ജി നിര്‍മ്മല എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് മുകളില്‍ കൊടുത്തത്. മന്ത്രിമരായ എളമരം കരീം, എം.എ ബേബി, തോമസ് ഐസക്ക് എന്നിവരെ വി.എസ് സര്‍ക്കാറിന് മൂന്നു തുഗ്ലക്കുമാരായാണ് ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. ലേഖനത്തെക്കുറിച്ച് ഇവിടെ എടുത്ത് പറയുന്നത് മറ്റൊന്നും കൊണ്ടല്ല. ലേഖനത്തിലെ പരാമര്‍ശം മന്ത്രി എളമരം കരീമിനെ ഭയപ്പെടുത്തിയെന്ന് വേണം അനുമാനിക്കാന്‍. അതുകൊണ്ടാണല്ലോ വാരിക വിപണിയില്‍ ലഭ്യമാക്കുന്നതിന് മുമ്പ് അത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചത്.

അപകീര്‍ത്തികരമായ ലേഖനമുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ‘സമകാലിക മലയാളം വാരികയുടെ പ്രസിദ്ധീകരണം തടഞ്ഞുകൊണ്ട് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് കൂടിയായ തഹസില്‍ദാര്‍ ഉത്തരവിറക്കുകയായിരുന്നു. കൊച്ചിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന വാരികയുടെ ഓഫിസിലെത്തിയ എറണാകുളം പൊലീസ് സബ് ഡിവിഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് എം.ലത വാരികയുടെ അടുത്ത ലക്കം പ്രസിദ്ധീകരിക്കരുതെന്ന് രേഖാമുലം ഉത്തരവിട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം എ.ഡി.എം എ. ഗോപകുമാര്‍ ഇടപെട്ട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

വിപണിയിലോ വായനക്കാരിലോ എത്തുന്നതിനു മുന്‍പ് പ്രസിദ്ധീകരണം തടയാനാവില്ലെന്ന വാദം പരിഗണിച്ചാണ് തഹസില്‍ദാറുടെ ഉത്തരവ് എ.ഡി.എം റദ്ദാക്കിയത്. വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ പ്രസിദ്ധീകരണം തടയാന്‍ കഴിയില്ലെന്നായിരുന്നു വാദം. മന്ത്രി എളമരം കരീമിനെതിരെ ലേഖനം പ്രസിദ്ധീകരിക്കുന്നതായി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതി എറണാകുളം കലക്ടര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ഉദ്യോഗസ്ഥരുടെ നടപടിയുണ്ടായത്.

മന്ത്രി എളമരം കരീമിനെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളം വാരിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പരിശോധിക്കേണ്ടതുണ്ടെന്ന് കാണിച്ചാണ് എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. പരിശോധിച്ച് അനുമതി ലഭിക്കുന്നതിന് മുമ്പ് വാരിക പ്രസിദ്ധീകരിക്കുകയോ വില്‍പനക്ക് നല്‍കുകയോ ചെയ്യരുതെന്നും നോട്ടീസില്‍ പറയുന്നു. തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമായാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് തന്നെ ബോധ്യമുള്ളത്‌കൊണ്ടാവണം വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് ഈ നോട്ടീസ് നല്‍കിയത്.

യാഥാര്‍ത്ഥ്യങ്ങള്‍ പുറം ലോകം അറിയരുതെന്ന് എല്ലാ ഭരണാധികാരികളും എക്കാലവും ആഗ്രഹിച്ചതാണ്. സ്വന്തം തെറ്റുകള്‍ തുറന്ന് പറഞ്ഞ ഏത് ഭരണകൂടമാണ് നമുക്ക് മുന്നിലുള്ളത്. ഇനി ആരെങ്കിലും ആ തെറ്റ് ചൂണ്ടിക്കാണിച്ചാലോ ആ വിരലുകള്‍ അറുത്ത് മാറ്റാനും അവര്‍ ശ്രമിക്കും. ആ ശ്രമമാണ് ജനാധിപത്യത്തിന്റെ ഈ ഉത്സവകാലത്ത് ഉദ്യോഗസ്ഥര്‍ നടത്തിയത്. അത് പക്ഷെ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മകളെക്കാള്‍ കടുത്തതായിപ്പോവുകയും ചെയ്തു.

മന്ത്രി എളമരം കരീം മികച്ച വ്യവസായ മന്ത്രിയാണെന്നാണ് കേരളത്തിനകത്തും പുറത്തുമുള്ള മുതലാളിമാരെല്ലാം പറയുന്നത്. പക്ഷെ കേരളത്തിലെ ജനതക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടോ. മുതലാളിമാരുടെ ഈ പുകഴ്ത്തിപ്പാടലുകള്‍ക്കുമപ്പുറം എളമരം കരീം എന്ന മന്ത്രിയില്‍ നിന്ന് കേരളത്തിലെ സാധാരണക്കാരന് അനുഭവ ഭേദ്യമായത് എന്താണെന്ന അന്വേഷണമാണ് മലയാളം വാരിക നടത്തിയത്.

പ്രത്യേകിച്ചും എളമരം മത്സരിക്കുന്ന ബേപ്പൂരും പ്രതിഷേധസമരത്തെ ചോരയില്‍ മുക്കിയ കിനാലൂരും കോഴിക്കോട് ജില്ലയില്‍ തന്നെയാണ്. ആരുമറിയാത്ത പദ്ധതിക്ക് വേണ്ടി ആര്‍ക്കും മനസ്സിലാവാത്ത നാലുവരിപ്പാതിയുണ്ടാക്കന്നത് ചോദ്യം ചെയ്തപ്പോഴാണ് എളമരം കരീമിന്റെ ഒറിജിനല്‍ മുഖം നാട്ടുകാരറിഞ്ഞത്. ഇതൊക്കെ വീണ്ടും വോട്ടര്‍മാര്‍ക്ക് ഓര്‍ക്കാന്‍ തിരഞ്ഞെടപ്പല്ലാതെ മറ്റേത് സുവര്‍ണ്ണാവസരമാണ് ലഭിക്കുക. പക്ഷെ വോട്ടര്‍മാരുടെ ഈ ഓര്‍ത്തെടുക്കല്‍ അത്ര സുഖകരമാവില്ലെന്ന് മന്ത്രിമാര്‍ക്ക് നന്നായറിയാം. അതുകൊണ്ട് തന്നെയായിരിക്കും അദ്ദേഹം മലയാളം വാരികയെ കണ്ടുകെട്ടാന്‍ ശ്രമിച്ചത്.

സമകാലിക മലയാളത്തിലെ .തറക്കല്ലുകളുടേയും നാടമുറിക്കലുകളുടേയും മന്ത്രി’ യെന്ന ലേഖനം ഇവിടെ വായിക്കാം