മാഡ്രിഡ്: ലോകംകാത്തിരുന്ന സ്പാനിഷ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത അഞ്ചുഗോളിന് റയല്‍ മാഡ്രിഡിനെ തരിപ്പണമാക്കി. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ സ്‌പെയിനിനുവേണ്ടി നിര്‍ണായകപ്രകടനം കാഴ്ച്ചവെച്ച ഡേവിഡ് വിയ്യയാണ് ബാഴ്‌സയുടെ താരമായത്.

തങ്ങളുടെ തട്ടകത്തില്‍ എതിരാളികളെ കെട്ടിയിട്ട മല്‍സരമാണ് ബാഴ്‌സ കാഴ്ച്ചവെച്ചത്. കളിയുടെ പത്താം മിനുറ്റില്‍ മധ്യനിരതാരം സാവി ഹൊര്‍ണോണ്ടസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. പത്തുമിനുറ്റിനുശേഷം വിയ്യയുടെ പാസില്‍ നിന്നും പെഡ്രോ വീണ്ടും റയലിന്റെ ഗോള്‍നേടി.

തുടര്‍ന്ന് 55ാം മിനുറ്റിലായിരുന്നു വിയ്യയുടെ ഗോള്‍. മെസിയുടെ പാസ് സ്വീകരിച്ച വിയ്യ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കി. മൂന്നുമിനുറ്റ് കഴിഞ്ഞ് വിയ്യയുടെ രണ്ടാംഗോളും വന്നു.

കളിയവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ സബ്‌സ്റ്റിറ്റിയൂട്ട് ജെഫ്രന്‍ ബാഴ്‌യുടെ അവസാനഗോളും നേടി. ഈ വിജയത്തോടെ 34 പോയിന്റുമായി ബാഴ്‌സ പട്ടികയില്‍ ഒന്നാമതെത്തി. 32 പോയിന്റുമായി റയല്‍ രണ്ടാംസ്ഥാനത്താണ്.