കെയ്‌റോ: പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിന്റെ രാജിയെത്തുടര്‍ന്ന് ഈജിപ്ത് പാര്‍ലിമെന്റ് പിരിച്ചുവിട്ടു. രാജ്യത്തിന്റെ ഭരണഘടന സൈന്യം മരവിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ആറു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സൈന്യത്തിന്റെ നിലപാട്. ആര്‍മ്ഡ് ഫോഴ്‌സ് സുപ്രീം കൊണ്‍സില്‍ ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

താല്‍ക്കാലിക മന്ത്രിസഭയുടെ കീഴില്‍ ഈജിപ്ത് ഭരണ സംവിധാനം സുസ്ഥിരമാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് അല്‍പ സമയത്തിന് ശേഷമാണ് സൈന്യത്തിന്റെ പ്രഖ്യാപനവുമുണ്ടായത്. രാജ്യത്ത് പെട്ടെന്ന് തന്നെ ജനാഭിലാഷപ്രകാരമുള്ള സര്‍ക്കാറിനെ തിരഞ്ഞെടുക്കുന്ന രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് സൈന്യം വ്യക്തമാക്കി.