ഗാസ: ഈജിപ്തില്‍ ഹൊസ്‌നിമുബാറക്കിന്റെ പടിയിറക്കത്തില്‍ ഫലസ്തീനിലും ആഹ്ലാദപ്രകടനം. ഗാസയിലാണ് പ്രധാനമായും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നത്. അതേസമയം മുബാറക്കിന്റെ രാജി ഇസ്രായേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇസ്രായേലുമായി സൗഹൃദനിലപാടായിരുന്നു മുബാറക്ക് സ്വീകരിച്ചത്. ഫലസതീന്‍ വിരുദ്ധ നിലപാടുകളെ മുബാറക്ക് പിന്തുണക്കുകയും ചെയ്തിരുന്നു.

ഈജിപ്തില്‍ മുബാറക്കിനെ അധികാര ഭ്രഷ്ടനാക്കിയാല്‍ പകരം ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക വിപ്ലകാരികളായിരിക്കും അധികാരത്തിലേറുകയെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു പറഞ്ഞിരുന്നു. ഈജിപ്തിലെ പുതിയ സര്‍ക്കാര്‍ ഫലസ്തീന്‍ നയങ്ങളിലുള്‍പ്പെടെ മാറ്റം വരുത്തുമെന്നാണ് ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതീക്ഷ. ഫലസ്തീനിലേക്കുള്ള ഈജിപ്ത് അതിര്‍ത്തി മുബാറക്ക് സര്‍ക്കാര്‍ അടച്ചിത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരുന്നു.

ഈജിപ്തില്‍ നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനു മാത്രമല്ല ഇസ്രായേലിനുമെതിരായതാണെന്ന് മുന്‍ അറബ് ലീഗ് മേധാവി ക്ലോവിസ് മഖ്‌സൂദ് പറഞ്ഞിരുന്നു. ഇസ്രായേലുമായി ഈജിപ്തുണ്ടാക്കിയ സമാധാന കരാറിനുള്ള താക്കീതാണിത്. മേഖലയില്‍ അമേരിക്ക തുടരുന്ന വിദേശനയത്തിനും പ്രക്ഷോഭം മുന്നറിയിപ്പു നല്‍കുന്നു. മുബാറക്കിനു ശേഷം ആര് അധികാരത്തില്‍ വരണമെന്നു തീരുമാനിക്കാന്‍ ഇസ്രായേലിനാവില്ല. സ്വതന്ത്ര തിരഞ്ഞെടുപ്പ് നടന്നാല്‍ സുലൈമാന് ആരുടെയും പിന്തുണയുണ്ടാവില്ലെന്നും മഖ്‌സൂദ് കൂട്ടിച്ചേര്‍ത്തു.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനു ശേഷം വൈസ് പ്രസിഡന്റ് ഉമര്‍ സുലൈമാന്‍ അധികാരത്തില്‍ വരണമെന്നാണ് ഇസ്രായേല്‍ ആഗ്രഹം. ഇക്കാര്യം കഴിഞ്ഞ ദിവസം വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു.

വിക്കിലീക്‌സ് ചോര്‍ത്തിയ അമേരിക്കന്‍ രഹസ്യരേഖകള്‍ ഉദ്ധരിച്ച് ബ്രിട്ടനിലെ ടെലിഗ്രാഫ് ദിനപത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
സുലൈമാന്‍ അധികാരത്തില്‍ വരുമെന്നു പ്രതീക്ഷിക്കുന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ഡേവിഡ് ഹക്കാം അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നുള്ള 2008ലെ രേഖയാണു വെബ്‌സൈറ്റ് വെളിപ്പെടുത്തിയത്. മുബാറക് മരിക്കുകയോ മറ്റെന്തെങ്കിലും തടസ്സം നേരിടുകയോ ചെയ്താല്‍ സുലൈമാനാവും ഇടക്കാല പ്രസിഡന്റാവുക. അതുതന്നെയാണു തങ്ങളുടെ താല്‍പ്പര്യമെന്നായിരുന്നു ഹക്കാമിന്റെ വാക്കുകള്‍.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിനും ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിനുമിടയില്‍ പ്രത്യേക ബന്ധം സ്ഥാപിച്ചതില്‍ മുഖ്യ പങ്ക് സുലൈമാനായിരുന്നു. 1993 മുതല്‍ ഈജിപ്തിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്ന സുലൈമാന്‍ ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനും മറ്റും തെല്‍അവീവ് സന്ദര്‍ശിക്കുക പതിവായിരുന്നു.

ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് അദ്ദേഹത്തെ വൈസ് പ്രസിഡന്റായി മുബാറക് നിയമിക്കുകയായിരുന്നു. ഉമര്‍ സുലൈമാന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ കഴിഞ്ഞദിവസം അറിയിച്ചു. അമേരിക്കന്‍ നേതൃത്വവുമായുള്ള ടെലിഫോണ്‍ സംസാരത്തില്‍ മുഖ്യ പ്രതിപക്ഷമായ മുസ്‌ലിം ബ്രദര്‍ഹുഡിനെ സുലൈമാന്‍ നിശിതമായി വിമര്‍ശിച്ചുവെന്നു റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.