കൈറോ: ഈജിപ്തിന്റെ അധികാരം സുഗമമായി  ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കാന്‍ നടപടികളെടുക്കുമെന്ന് സൈന്യത്തിന്റെ ഉറപ്പ്. ഹുസ്‌നി മുബാറക് രാജിവെച്ചതിനു പിന്നാലെ ഈജിപ്തില്‍ പട്ടാളം അധികാരം കൈക്കലാക്കിയിരിക്കയാണ്. ഉന്നത പട്ടാള ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ടെലിവിഷനിലാണ് ഇക്കാര്യം പറഞ്ഞത്. പുതിയ ജനകീയ ഭരണം വരുന്നത് വരെ അധികാരത്തില്‍ തുടരാന്‍ ഇപ്പോഴത്തെ ഭരണകൂടത്തോട് പട്ടാളം ആവശ്യപ്പെട്ടതായും വാര്‍ത്തയുണ്ട്. ‘തിരഞ്ഞെടുപ്പിലൂടെ വരുന്ന ജനകീയ സര്‍ക്കാറിന് അധികാരം കൈമാറാന്‍ ഞങ്ങള്‍ ഒരുക്കമാണ്’ -സൈനിക മേധാവി വ്യക്തമാക്കി.

അതേസമയം ഭരണകൂടത്തിലെ ഉന്നതര്‍ രാജ്യം വിട്ടുപോകുന്നത് പട്ടാളം നിരോധിച്ചു. മുബാറക് അനുകൂലികള്‍ രക്ഷപ്പെടാതിരിക്കാനാണ് ഈ നടപടിയെന്ന് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത് പ്രക്ഷോഭകരുടെ പ്രധാന സമരഭൂമിയായിരുന്ന തഹ്‌രീര്‍ സ്‌ക്വയറിന് ചുറ്റും സ്ഥാപിച്ച ബാരിക്കേഡുകളും മുള്ളുവേലികളും മാറ്റുന്നതായി പട്ടാളം അറിയിച്ച ഉടനെയാണ് ഉന്നതരുടെ യാത്ര വിലക്കിയ തീരുമാനം വന്നത്. രാജ്യത്തിന്റെ പ്രോസിക്യൂട്ടറുടെയോ പട്ടാളത്തിന്റെ തന്നെയോ അനുമതിയില്ലാതെ ഇനി ഉന്നതര്‍ക്ക് ഈജിപ്ത് വിടാനാകില്ല. അതേസമയം, ഹുസ്‌നി മുബാറക്കിനെയും കുടുംബാംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങളില്‍ അവ്യക്തത തുടരുകയാണ്. മുബാറക് ചെങ്കടലിന് സമീപത്തെ ശറമു ശ്ശൈഖ് റിസോര്‍ട്ടിലാണുള്ളതെന്നും അതല്ല യൂറോപ്പിലോ ഗള്‍ഫിലോ ആണെന്നും വാര്‍ത്തയുണ്ട്. ഇതേക്കുറിച്ച് പട്ടാളം പ്രതികരിച്ചിട്ടില്ല.

കൈറോയിലെ തെരുവുകളില്‍ ഉടനീളം ശനിയാഴ്ച ‘വിപ്ലവ’വിജയാഘോഷം നടന്നു. ജനസാഗരം ഇരമ്പിയ നഗരവീഥികളില്‍ ചിതറിക്കിടക്കുന്ന ചപ്പുചവറുകള്‍ ശുദ്ധീകരിക്കുന്ന ജോലിയിലാണിപ്പോള്‍ അവര്‍.. നഗരം ശുചിയാക്കാന്‍ ബുള്‍ഡോസറുകളുമായി പട്ടാളവും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ഫ്യൂ അര്‍ധരാത്രി മാത്രമാക്കി ചുരുക്കി.

തഹ്‌രീര്‍ സ്‌ക്വയറില്‍ തമ്പടിച്ച പ്രക്ഷോഭകാരികള്‍ക്കിടയില്‍ വീട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. സിവിലിയന്‍ ഭരണം ഉറപ്പാക്കാനുള കൃത്യമായ തീരുമാനമുണ്ടാകാതെ നഗരം വിടേണ്ടെന്ന നിലപാടിലാണ് ചിലര്‍. ഇതുസംബന്ധിച്ച് പട്ടാള ഭരണകൂടത്തിന്റെ അറിയിപ്പിനായി കാതോര്‍ക്കുകയാണിവര്‍.