ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദമാകുന്നു. അക്രമാസക്തരായ ജനക്കൂട്ടം വീട്ടിലെത്തി തീവെച്ച് കൊന്ന കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജഫ്രി ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചിരുന്നെന്ന എസ്.ഐ.ടി റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

ഇഹ്‌സാന്‍ ജഫ്രി ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കുകയും ഇതില്‍ പ്രകോപിതരായ ജനക്കൂട്ടം അദ്ദേഹത്തെ തീവെച്ചുകൊല്ലുകയാണുണ്ടായതെന്നാണ് എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.  ‘ ജാഫ്രിയുടെ വെടിവെപ്പിനെ ‘ആക്ഷനായും’ ജനക്കൂട്ടത്തിന്റെ ആക്രമണത്തെ അതിന്റെ ‘റിയാക്ഷനായും’ സീ ടി വി യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജഫ്രി ജനക്കൂട്ടത്തിനുനേരെ വെടിവെച്ചപ്പോള്‍ ഗോധ്ര സംഭവത്തിന് പകരംവീട്ടാനെത്തിയ ജനക്കൂട്ടത്തിന് ഇത് പ്രകോപിപ്പിക്കാന്‍ കാരണമായി.’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേവര്‍ഷം മാര്‍ച്ച് 1ന് മോഡിയെ ഇന്റര്‍വ്യൂ ചെയ്ത ടെലിവിഷന്‍ ജേണലിസ്റ്റിനെ ആശ്രയിച്ചാണ് എസ്.ഐ.ടി ഈ നിലപാടിലെത്തിയിരിക്കുന്നത്. ഇഹ്‌സാന്‍ ജഫ്രിയാണ് ആദ്യം വെടിവെച്ചതെന്നും ഇത് ജനക്കൂട്ടത്തെ പ്രകോപിതരാക്കുകയാണുണ്ടായതെന്നും മോഡിയെ ഉദ്ധരിച്ചുകൊണ്ട് ജേണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എസ്.ഐ.ടി മോഡിയെ ചോദ്യം ചെയ്തപ്പോള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവുമാണുണ്ടായതെന്ന് താന്‍ പറഞ്ഞതായി മോഡി സമ്മതിച്ചു. അതേസമയം അതുവഴി രണ്ട് സംഭവങ്ങളെയും മോഡി കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നാണ് എസ്.ഐ.ടി പറയുന്നത്. മാധ്യമങ്ങള്‍ തന്നെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗോധ്ര ട്രെയിന്‍ സംഭവത്തില്‍ 56 കര്‍സേവകര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതില്‍ ഹിന്ദുക്കള്‍ക്ക് അവരുടെ രോഷപ്രകടനം നടത്താന്‍ അവസരം നല്‍കണമെന്ന് മോഡി പോലീസിനോട് പറഞ്ഞത് സത്യമായി സ്വീകരിച്ചാലും ആ പ്രസ്താവന മാത്രം ഒരു കുറ്റമായി കണക്കാക്കാനാവില്ലെന്നും എസ്.ഐ.ടി പറയുന്നു. കലാപസമയത്ത് മോഡി  നടത്തിയ പൊതുപ്രസംഗങ്ങളാണ് ഇതിനെ സാധൂകരിക്കാന്‍ എസ്.ഐ.ടി നല്‍കിയിരിക്കുന്നത്.

‘ മുഖ്യമന്ത്രി നിയമവിരുദ്ധ പ്രസ്താവന നടത്തിയെന്ന ആര്‍.ബി ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിന്റെയും മൊഴി അടിസ്ഥാന രഹിതമാണ്. വാദത്തിനുവേണ്ടി ഈ മൊഴിയെ വിശ്വാസ്യതയില്‍ എടുത്താല്‍ പോലും, ഈ നാല് ചുമരിനുള്ളില്‍ നടത്തിയ നിയമവിരുദ്ധ പ്രസ്താവന ഒരു കുറ്റമാവില്ല. ‘ എസ്.ഐ.ടി പറയുന്നു.
Malayalam News