കെയ്‌റോ: ഈജിപ്തില്‍ അടുത്ത ദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മുപ്പത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ നഗരങ്ങളില്‍ രാത്രിയില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

Ads By Google

പോര്‍ട്ട് സെയ്ദ്, ഇസ്മാലിയ, സൂയിസ് എന്നീ നഗരങ്ങളിലാണ് അടിയന്തരാവസ്ഥയും നിരോധനാജ്ഞയും പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്യത്തുണ്ടായിരിക്കുന്ന അക്രമസംഭവങ്ങളെ നിയന്ത്രിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നാണ് മുര്‍സി കഴിഞ്ഞ ദിവസം രാത്രി അറിയിച്ചിരിക്കുന്നത്.

അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളോട് നിര്‍ദേശങ്ങള്‍ നല്‍കാനും മുര്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്തില്‍ കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ കലാപത്തില്‍ പ്രതികളായ 21 പേര്‍ക്ക് വധശിക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.

സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 48 കവിഞ്ഞു. ഇന്നലെ മാത്രം തുറമുഖ നഗരമായ പോര്‍ട്ട് സെയ്ദില്‍ മരിച്ചവരുടെ എണ്ണം 7 ആണ്. നൂറോളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പ്രസിഡന്റ് മുര്‍സിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് ജനങ്ങള്‍ തെരുവിലറിങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അക്രമത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പോര്‍ട്ട് സെയ്ദ് നഗരത്തില്‍ നടന്ന മത്സരത്തില്‍ ഈജിപ്തിലെ പ്രശസ്ത ക്ലബായ അല്‍ ആഹ്‌ലിയുടെ ആരാധകരും അല്‍ മാസ്‌രിയുടെ ആരാധകരും ഏറ്റുമുട്ടുകയായിരുന്നു.

കേസില്‍ പ്രതികളായ 21 പേര്‍ക്ക് വധശിക്ഷ നല്‍കിയതിനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രതികളെ തടവില്‍പാര്‍പ്പിച്ചിരിക്കുന്ന ജയിലിനും പോലീസ് സ്‌റ്റേഷനും നേരെയാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ട്  ഫുട്‌ബോള്‍ താരങ്ങള്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.