എഡിറ്റര്‍
എഡിറ്റര്‍
ഹോസ്‌നി മുബാറക്കിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 20th June 2012 9:57am

കെയ്‌റോ: ഹോസ്‌നി മുബാറക്കിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ മെനയാണ് റിപ്പോര്‍ട്ട് . എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

അതേസമയം മുബാറക്ക് ഇപ്പോള്‍ കോമയിലാണെന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ തീവ്രമായി ശ്രമിക്കുന്നുണ്ടെന്നുമാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയിലില്‍വെച്ച് പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുബാറക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്രിമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മുബാറക്ക് സൈനിക ആശുപത്രിയില്‍ കഴിയുന്നത്.

മൂന്ന് പതിറ്റാണ്ട് നീണ്ട മുബാറക്ക് യുഗം അവസാനിച്ച ഈജിപ്തില്‍ ആദ്യമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ മാസം അവസാനം അധികാരത്തിലെത്താനിരിക്കേയാണ് മുബാറക്ക് മരണംകാത്ത് കിടക്കുന്നത്.

2011ല്‍ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനൊടുവിലാണ് മുബാറക്കിന് സ്ഥാനമൊഴിയേണ്ടിവന്നത്. 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 800ലധികം പേരെ മുബാറക്കിന്റെ സേന കശാപ്പുചെയ്തിരുന്നു. ഈ കുറ്റത്തിന് വിചാരണക്കോടതി മുബാറക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവി വഹിച്ചവരുടെ കൂട്ടത്തിലാണ് മുബാറക്കിന്റെ സ്ഥാനം. അതിനുമുന്‍പ് വൈസ് പ്രസിഡന്റായി ആറുവര്‍ഷം. ഈ കാലയളവില്‍ ജനാധിപത്യ വിരുദ്ധമായ നയങ്ങള്‍ മുബാറക് രാജ്യത്ത് നടപ്പാക്കി. അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ പോലും നിഷേധിച്ചതിനെ അദ്ദേഹം ന്യായീകരിച്ചത് ഇസ്‌ലാമിക ഭീകരവാദത്തെ ചെറുക്കാനെന്ന പേരിലായിരുന്നു. 1950ല്‍ പൈലറ്റ് ഓഫീസറായി ഈജിപ്ത് സൈന്യത്തില്‍ ചേര്‍ന്ന മുബാറക് പടിപടിയായി എയര്‍ഫോഴ്‌സ് കമാന്‍ഡറും പ്രതിരോധ മന്ത്രിയുമായി.

1975 ല്‍ ഈജിപ്തിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റു. 1981ല്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് വധിക്കപ്പെട്ടപ്പോള്‍ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാനും പ്രഡിഡന്റുമായി. പ്രസിഡന്റാകുന്നതുവരെ മൂന്ന് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയിച്ച മുബാറക് പിന്നെ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത് 2005ല്‍ മാത്രമാണ്.

Advertisement