കെയ്‌റോ: ഈജിപ്തില്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടത്തുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി. ഫെബ്രുവരി അവസാനത്തോടെതീയതി പ്രഖ്യാപിക്കും. പുതിയ ഭരണഘടന നിലവില്‍ വന്ന് രണ്ട് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.

Ads By Google

മുഹമ്മദ് മുര്‍സി മുന്നോട്ട് വെച്ച കരട് ഭരണഘടന ജനഹിത പരിശോധനയില്‍ അനുകലമായതോടെ ഡിസംബറില്‍ പുതിയ ഭരണഘടന നിലവില്‍ വന്നിരുന്നു. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഐഎംഎഫില്‍നിന്നു വന്‍തുക വായ്പ എടുക്കാനുള്ള ഒരുക്കത്തിലാണ് ഈജിപ്ത്. താത്ക്കാലിക ആവശ്യങ്ങള്‍ക്കായി ഖത്തറില്‍നിന്ന് 200കോടി ഡോളര്‍ ഈജിപ്ത് വായ്പ വാങ്ങിയിട്ടുണ്ട്.

പുതിയ ഭരണഘടനയില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ താറുമാറാകുമെന്നും പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭരണഘടനയെന്നുമാണ് പ്രക്ഷോഭകര്‍ ആരോപിച്ചിരുന്നു.

ഭരണഘടനയില്‍ മുസ്‌ലിം ശരീഅത് നിയമത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.