കെയ്‌റോ: അതിര്‍ത്തികടന്നുള്ള ഇസ്രയേലിന്റെ വ്യാമാക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലില്‍ നിന്നും തങ്ങളുടെ അംബാസിഡറെ തിരിച്ച് വിളിക്കാന്‍ ഈജിപ്റ്റ് തീരുമാനിച്ചു.

വ്യാഴാഴ്ച ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ എട്ട് ഈജിപ്റ്റ് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് അംബാസഡറെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സംഭവത്തെ ശക്തമായി അപലപിച്ച ക്യാബിനറ്റ് 1979ല്‍ ഇരുരാജ്യങ്ങളും അംഗീകരിച്ച സമാധാന കരാര്‍ ഇസ്രായോല്‍ ലംഘിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഇസ്രയേല്‍ മാപ്പ് പറയണമെന്നും സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തണമെന്നും ഈജിപ്റ്റ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആളുകള്‍ കഴിഞ്ഞ ദിവസം കൈറോയിലെ എംബസിക്ക് മുമ്പില്‍ പ്രകടനം നടത്തിയിരുന്നു.
ഇത് രണ്ടാം തവണയാണ് ഈജിപ്റ്റ് തങ്ങളുടെ അംബാസിഡറെ ഇസ്രയേലില്‍ നിന്നും പിന്‍വലിക്കുന്നത്.