കെയ്‌റോ:വര്‍ഷങ്ങള്‍ക്കുശേഷം ഈജിപ്ത് റാഫ അതിര്‍ത്തി ചെക്ക് പോസ്റ്റ് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചു.ശനിയാഴ്മുതല്‍ അതിര്‍ത്തി സ്ഥിരമായി തുറന്നുകൊടുക്കാനാണ് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം.

2007 ല്‍ ഗാസയില്‍ ഹമാസ് അധികാരത്തിയതിനെത്തുടര്‍ന്ന് റാഫ  അതിര്‍ത്തി സ്ഥിരമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഹമാസ് ഭരണത്തോടുള്ള ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറകിന്റെ എതിര്‍പ്പും, ഇസ്രായേലിന്റെ സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ റാഫ അതിര്‍ത്തി അടക്കാന്‍ ഈജിപ്ത് തീരുമാനിക്കുകയായിരുന്നു.

ഗാസയിലേക്ക് ആയുധക്കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് ഇസ്രായേല്‍ ആരോപണമുന്നയിച്ചിരുന്നു.

വെള്ളിയാഴ്ചയുള്‍പ്പടെയുള്ള അവധിദിവസങ്ങളൊഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് തുറന്നുകൊടുക്കുക.

ഇസ്രായേലിന്റെ അതിര്‍ത്തികള്‍ മാറ്റിനിര്‍ത്തിയാല്‍ ഗാസന്‍ ജനതയ്ക്ക പുറംലോകത്തേക്കുള്ള ഏക കവാടമാണ് റാഫ ക്രോസിംഗ്.