കെയ്‌റോ: യൂ ട്യൂബിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഈജിപ്ത്യന്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു.

ഈജിപ്ത്യന്‍  അവകാശ സംഘടനയും ഈജിപ്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവുമാണ് യൂട്യൂബിനെ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചത്.

Ads By Google

കഴിഞ്ഞ ആഴ്ചയാണ് മുപ്പത് ദിവസത്തേക്ക് വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂ ട്യൂബിനെ നിരോധനം ഏര്‍പ്പെടുത്താന്‍ കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം യൂ ട്യുബില്‍ ഇസ്ലാം വിരുദ്ധ വീഡിയോ ഫിലിം പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വെബ്‌സൈറ്റിന് നിരോധനം ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍ യൂട്യൂബിന് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്താന്‍ സാങ്കേതിക ചിലവ് വളരെ കൂടുതലായതിനാല്‍ ഈ സൈറ്റിനെ ബ്ലോക്ക് ചെയ്യാനായിട്ടില്ലെന്നും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ നിയമപരമായി നിരീക്ഷിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോടതിയുടെ ഉത്തരവിനെതിരെ നീതി ലഭിക്കുന്നതിനായി അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും  ഈജിപ്ഷ്യന്‍ അവകാശ സംഘടന അറിയിച്ചു. ഈജിപ്തിന്റെ പ്രാദേശിക നിയമങ്ങള്‍ വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് യൂ ട്യൂബ് തന്നെ വീഡിയോ ഫിലിം പിന്‍വലിച്ചിട്ടുണ്ട്.