എഡിറ്റര്‍
എഡിറ്റര്‍
ഈജിപ്ത് സൈനിക മേധാവിയെ പുറത്താക്കി
എഡിറ്റര്‍
Monday 13th August 2012 10:04am

കെയ്‌റോ: ഈജിപ്ത് പട്ടാളത്തലവനും പ്രതിരോധ മന്ത്രിയുമായ മാര്‍ഷല്‍ ഹുസൈന്‍ തന്‍ത്വാവിയെ പ്രസിഡന്റ് മുഹമ്മദ് മുര്‍സി തല്‍സ്ഥാനത്തുനിന്ന് നീക്കി. ഞായറാഴ്ച വൈകുന്നേരം, മുര്‍സിയുടെ വക്താവ് യാസിര്‍ അലിയാണ് തന്‍ത്വാവിയെ പുറത്താക്കിയതായി ദേശീയ ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചത്.

Ads By Google

സുപ്രീം കൗണ്‍സില്‍ ഓഫ് ദ ആംഡ് ഫോഴ്‌സസ് (എസ്.കെ.എ.എഫ്.) മേധാവിയെന്ന നിലയിലാണ് തന്‍ത്വാവി രാജ്യം ഭരിച്ചത്. ഇക്കാലയളവില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ സൈനികഭരണകൂടം വെട്ടിക്കുറച്ചിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന് ആധിപത്യമുള്ള പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു.

ജൂണില്‍ പ്രസിഡന്റായി അധികാരമേറ്റ മുര്‍സിയുടെ നടപടികള്‍ക്ക്‌ കൂച്ചുവിലങ്ങിടാന്‍ സൈന്യം ശ്രമിക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത നീക്കം. അതേസമയം ഈജിപ്തിലെ ഇടക്കാലഭരണഘടനയ്ക്ക് കീഴില്‍ സൈനികമേധാവിയെ പുറത്താക്കാനുള്ള അധികാരം പുതിയ പ്രസിഡന്റിനുണ്ടോയെന്ന കാര്യം വ്യക്തമല്ല.

മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ പതനത്തിനുശേഷം പ്രതിപക്ഷ മുസ്‌ലിം ബ്രദര്‍ഹുഡും സൈന്യവും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നുള്ള പ്രസിഡന്റും തന്‍ത്വാവിയും തമ്മിലുള്ള ഭിന്നത.

അതേസമയം പുറത്താക്കല്‍ തീരുമാനം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും ഇതുവരെ ഭരണം നിയന്ത്രിച്ചുപോന്ന സേനാനേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകാന്‍ വഴിവെക്കുമെന്നാണ് അറിയുന്നത്.

Advertisement