കെയ്‌റോ: ഈജിപ്തിലെ ഒരു പ്രധാന ഫുട്‌ബോള്‍ ക്ലബ്ബിന്റെ മാച്ചിനിടെ ആരാധകരും പോലീസും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 130ല്‍ കൂടുതല്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. കെയ്‌റോയില്‍ നടന്ന ഈജിപ്ഷ്യന്‍ കപ്പ് മത്സരത്തിനിടെ അല്‍-അഹ്‌ലി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആരാധകര്‍ മുബാറകിനെതിരെയും മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ അദ്‌ലിക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും വെള്ളക്കുപ്പികള്‍ പോലീസിന് നേര്‍ക്ക് എറിയുകയും ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

സംഘര്‍ഷം പിന്നീട് തെരുവിലേക്ക് നീങ്ങുകയായിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ത്ത ജനക്കൂട്ടം വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയതായി പോലീസ് പറയുന്നു. പന്ത്രണ്ടോളം പോരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിചാരണ നേരിടുന്ന മുബാറകിനെതിരെ മുദ്രാവാക്യം വിളിച്ച ആരാധകരെ പോലീസ് ബലമായി നീക്കാന്‍ തുടങ്ങിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു.