എഡിറ്റര്‍
എഡിറ്റര്‍
സിറിയയുമായുള്ള നയതന്ത്രബന്ധം ഈജിപ്ത് അവസാനിപ്പിച്ചു
എഡിറ്റര്‍
Monday 17th June 2013 12:40am

syria1

കൈറോ: സിറിയയുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിക്കാന്‍ ഈജിപ്ത് തീരുമാനിച്ചു. ബാഷര്‍ അല്‍ അസദ് സര്‍ക്കാറുമായുള്ള നയതന്ത്രബന്ധം വേര്‍പെടുത്തിയതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് മൊഹമ്മദ് മുര്‍സി പ്രഖ്യാപിച്ചു.

ബഹിഷ്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ വ്യോമ നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഈജിപ്ത് ലോകരാജ്യങ്ങളോടാവശ്യപ്പെട്ടു.
ഈജിപ്തില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലിക്കിടെയാണ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ പ്രഖ്യാപനം.

Ads By Google

ബാഷര്‍ അല്‍ അസദ് ഭരണകൂടം സിറിയയില്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 20,000ത്തോളം വരുന്ന ആളുകള്‍ കരഘോഷ ത്തോടെയാണ് മുര്‍സിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത്.

ഈജിപ്തിലെ ജനങ്ങളും സൈന്യവും സിറിയന്‍ പ്രക്ഷോഭത്തെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഈജിപ്തിലെ സിറിയന്‍ എംബസി അടച്ചുപൂട്ടാന്‍ മുര്‍സി ഉത്തരവിട്ടു.

വിമതര്‍ക്ക് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അറബ് ലീഗിന്റെ അടിയന്തരയോഗം ചേരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുര്‍സി പറഞ്ഞു.

സിറിയയിലെ ഈജിപ്ഷ്യന്‍ പ്രതിനിധികളൈ പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിറിയയിലെ ഔദ്യോഗിക സൈന്യത്തെ പിന്തുണക്കുന്ന നടപടിയില്‍നിന്ന് ഹിസ്ബുല്ല പിന്മാറണമെന്ന് മുര്‍സി ആവശ്യപ്പെട്ടു.

2006ലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ ലബനാനും ഹിസ്ബുല്ലക്കുമൊപ്പമായിരുന്നു ഈജിപ്ത്. എന്നാല്‍, സിറിയയില്‍ ഹിസ്ബുല്ലക്കെതിരായ നിലപാടാണ് തങ്ങളുടെതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നയതന്ത്രബന്ധം വിച്ഛേദിച്ച ഈജിപ്ത് അധികൃതരുടെ തീരുമാനം നിരുത്തരവാദപരമാണെന്ന് സിറിയ കുറ്റപ്പെടുത്തി.
അപലപനീയമായ തീരുമാനമാണ് ഈജിപ്ത് കൈക്കൊണ്ടതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് സിറിയന്‍ വാര്‍ത്താ ഏജന്‍സി ‘സന’ റിപ്പോര്‍ട്ട് ചെയ്തു.

ഈ തീരുമാനം ഈജിപ്ഷ്യന്‍ ജനതയുടെ ആഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും സ്വന്തം പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഈജിപ്ത് ഭരണകൂടം സിറിയന്‍ പ്രശ്‌നത്തെ ഉപായമാക്കുകയാണെന്നും ഔദ്യോഗിക വക്താവ് കുറ്റപ്പെടുത്തി.

Advertisement