എഡിറ്റര്‍
എഡിറ്റര്‍
മുട്ടയാണോ കോഴിയാണോ ആദ്യം; ശാസ്ത്രം എന്ത് പറയുന്നു?
എഡിറ്റര്‍
Thursday 20th September 2012 4:09pm

 പരിണാമ ശാസ്ത്രപ്രകാരം വ്യക്തമാവുന്നത് ഉരഗങ്ങളും ആദ്യകാല പക്ഷികളും മുട്ടയിട്ടിരുന്നു എന്നാണ്. ഇതില്‍ ഒരു മുട്ട കോഴിയായി പരിവര്‍ത്തനപ്പെടാവുന്ന വിധം മ്യൂട്ടേഷന്‍ സംഭവിച്ച മുട്ടയായിരുന്നു. അത് കോഴിയായി രൂപാന്തരപ്പെട്ടു.


പ്യൂപ്പ

 


പലപ്പോഴും നമ്മള്‍ തമാശയ്ക്കും അല്ലാതെയും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? കോഴിയാണോ അതോ കോഴിമുട്ടായാണോ ആദ്യം ഉണ്ടായത്. ഈ സമസ്യ തുടങ്ങിയിട്ട് കാലങ്ങളായി. പലരും പല ഉത്തരങ്ങള്‍ തേടി. കോഴിയാണെന്നും അതല്ല കോഴി മുട്ടയാണെന്നും, തങ്ങള്‍ക്ക് അപ്പപ്പോള്‍ ന്യായീകരിക്കേണ്ട വസ്തുവിന്റെ/വസ്തുതയുടെ സ്വഭാവമനുസരിച്ച് തരാതരം പോലെ മാറ്റി പറയുന്നു.

Ads By Google

എന്നാല്‍ ഈ സമസ്യയെ ശാസ്ത്രം എപ്രകാരമായിരിക്കും കൈകാര്യം ചെയ്തിട്ടുണ്ടാകുക? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ ശാസ്ത്രവും ഈ ചോദ്യത്തിന്‌ പിന്നാലെ പോയിരിക്കുകയാണ്. എന്നാല്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കാന്‍ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

വാര്‍വിക് സര്‍വകലാശാലയിലെ പ്രൊഫസര്‍ മാര്‍ക്ക് റോഡ്ജറും ഡോ. ഡേവിഡ് ക്വിക്ക്‌ലിയും ഷെഫീല്‍ഡ് സര്‍വ്വകലാശാലയിലുള്ള അവരുടെ സുഹൃത്തുക്കളും അടങ്ങുന്ന ശാസ്ത്രജ്ഞര്‍ കൂടുതല്‍ യുക്തിസഹമായ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുട്ടയുടെ രൂപാന്തരണത്തിന് നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഒരു പ്രോട്ടീനാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഓവോസെല്‍ഡീന്‍ 17 അഥവാ ഒ.സി-17 എന്നാണ് ഈ പ്രോട്ടീന് പേര് നല്‍കപ്പെട്ടിരിക്കുന്നത്.

മുട്ടയുടെ രൂപാന്തരണത്തിന് നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഒരു പ്രോട്ടീനാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഓവോസെല്‍ഡീന്‍ 17 അഥവാ ഒ.സി-17 എന്നാണ് ഈ പ്രോട്ടീന് പേര് നല്‍കപ്പെട്ടിരിക്കുന്നത്.

കോഴിയുടെ ശരീരത്തിലെ കാല്‍സ്യം കാര്‍ബണേറ്റാണ് മുട്ടയുടെ പുറം തോടായി രൂപപ്പെടുന്നത്. കാല്‍സൈറ്റ് ക്രിസ്റ്റല്‍ കൊണ്ടാണ് ഈ പുറംതോട് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ രൂപമാറ്റത്തെ സഹായിക്കുകയാണ് ഒ.സി-17 എന്ന പ്രോട്ടീന്റെ ധര്‍മം. അതുകൊണ്ട് ഈ ശാസ്ത്രജ്ഞര്‍ വാദിക്കുന്നത് കോഴിയാണ് മുട്ടയ്ക്കുമുമ്പേ ഉണ്ടായതെന്നാണ്. എന്നാലും ആദ്യം നിലവില്‍ വന്ന കോഴിയില്‍ ഈ പ്രോട്ടീന്‍ എങ്ങനെ ഉണ്ടായെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെയും വിശദീകരിക്കാനായിട്ടില്ല.

ശാസ്ത്രലോകത്തുള്ള മറ്റൊരു വിശദീകരണം ഡാര്‍വിനിസ്റ്റുകളുടെതാണ്. പരിണാമ ശാസ്ത്രം പറയുന്നത് പക്ഷികള്‍ക്ക് മുമ്പേ ഉണ്ടായത് ഉരഗങ്ങളാണെന്നാണ്. പക്ഷികളുടെ പൂര്‍വികരായിട്ടുള്ള ഉരഗങ്ങള്‍ മുട്ടയിടുന്നവരായിരുന്നു. ഉരഗങ്ങള്‍ പക്ഷേ ഉപയോഗിക്കുന്നത് മറ്റൊരു പ്രോട്ടീനാണ്. ഒ.സി-17 അല്ല. അതുകൊണ്ട് തന്നെ ഒ.സി-17 എന്ന പ്രോട്ടീന്‍ പക്ഷികളില്‍ രൂപ്പെടുന്നതിന്‌ ശേഷമാണ് ആദ്യ മുട്ട ഉണ്ടാകുന്നത് എന്ന വാദവും അപ്പോള്‍ തെറ്റായിത്തീരും.

സാങ്കേതികമായി മ്യൂട്ടേഷന്‍ സംഭവിച്ച ആദ്യമുട്ടയില്‍ നിന്നും ഉണ്ടാകുന്ന പക്ഷി ഒരിക്കലും ഒരു കോഴിയാവില്ലല്ലോ..

ലളിതമായിപ്പറഞ്ഞാല്‍, പരിണാമ ശാസ്ത്രപ്രകാരം വ്യക്തമാവുന്നത് ഉരഗങ്ങളും ആദ്യകാല പക്ഷികളും മുട്ടയിട്ടിരുന്നു, ഇതില്‍ ഒരു മുട്ട കോഴിയായി പരിവര്‍ത്തനപ്പെടാവുന്ന വിധം മ്യൂട്ടേഷന്‍ സംഭവിച്ച മുട്ടയായിരുന്നു, അത് കോഴിയായി രൂപാന്തരപ്പെട്ടു എന്നാണ്. അപ്പോള്‍ ആദ്യം മുട്ടയാണ് ഉണ്ടായത്. പിന്നീട് കോഴിയും. എന്നാല്‍ രസരമെന്ന് പറയുന്നത്, സാങ്കേതികമായി മ്യൂട്ടേഷന്‍ സംഭവിച്ച ആദ്യമുട്ടയില്‍ നിന്നും ഉണ്ടാകുന്ന പക്ഷി ഒരിക്കലും ഒരു കോഴിയാവില്ലല്ലോ.. (പൊതു പൂര്‍വിക സിദ്ധാന്ത പ്രകാരം).

ആകെ പ്രശ്‌നമായി അല്ലേ? വാസ്തവത്തില്‍ ഇത് ലളിതമാണ്. ഈ സമസ്യ രണ്ടു രീതിയിലും വ്യാഖ്യാനിക്കാം എന്നതാണ്. ഈ വ്യത്യസ്ത ഉത്തരങ്ങള്‍ ചില സ്ഥലങ്ങളില്‍ യോജിക്കുന്നതായും മനസ്സിലാക്കാം. അതുകൊണ്ട് ഉത്തരം ശാസ്ത്രം വേഗം തന്നെ നല്‍കുമെന്ന് പ്രതീക്ഷിക്കാം..

Advertisement